മസ്കറ്റ്: ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കേരളത്തിലേക്ക് മടങ്ങുന്നതിന്റെ ആശ്വാസത്തിലാണ്‌ മസ്കറ്റിൽ നിന്നുമുള്ള യാത്രക്കാർ.ആദ്യ വിമാനം ഇന്ന് വൈകിട്ട് നാലേകാലിന് മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. രാത്രി 8 :50ന് വിമാനം നെടുമ്പാശേരിയിലെത്തും. സലാലയിൽ നിന്ന് വിമാന സർവീസുകൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.  

181 യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്നു മസ്കറ്റ് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ഇതിൽ 77 പേർ അടിയന്തര ചികിത്സക്കായി പോകുന്നവരും മറ്റ് 48 പേര്‍ ഗർഭിണികളും മുതിർന്ന പൗരന്മാരുമാണ്. വിസ കാലാവധി കഴിഞ്ഞവർ 30 പേരും 22 തൊഴിലാളികളും നാല് കുട്ടികളുമാണ്  മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കാരെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് മസ്കറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുവാനാണ് ഇന്ത്യൻ എംബസി അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധനക്ക് ശേഷമാകും വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍  ആരംഭിക്കുക. വിമാനത്തവാളത്തിൽ ആരോഗ്യ വിദഗ്ദ്ധരുടെ  സേവനങ്ങൾ  ലഭ്യമാകും .

എല്ലാവിധ ആരോഗ്യ നിർദേശങ്ങളും പാലിക്കാൻ സന്നദ്ധരാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം  യാത്രക്കാരിൽ നിന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്ക് മുൻപുള്ള നടപടികള്‍ സുഗമമാക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍  പൂർത്തീകരിച്ചുവെന്നും മസ്‌കറ്റിലെ  ഇന്ത്യൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി.

കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ ഇല്ലാത്തതു മൂലം മലബാർ മേഖലയിലുള്ളവർ നിരാശയിലാണുള്ളത്. മസ്കറ്റിൽ നിന്നും ആയിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള സലാലാലയിൽ നിന്നും വിമാന സർവീസുകൾ ഇല്ലാത്തതും പ്രവാസികളിൽ പരക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ വിമാന സർവിസുകൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നു മസ്കറ്റ് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നുണ്ട്. ഇതിനിടെ ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു വിദേശി  കൂടി മരിച്ചു.

ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 16  ആയി. 43 വയസുള്ള ഒരു  വിദേശി  കൂടി  കൊവിഡ് 19  വൈറസ്   ബാധ മൂലം  മരണപെട്ടെന്ന്  ഒമാൻ ആരോഗ്യ  മന്ത്രാലയമാണ് അറിയിച്ചത്. ഇതോടെ ഒരു മലയാളി ഉൾപ്പെടെ പതിനൊന്നു  വിദേശികളും അഞ്ച് ഒമാൻ സ്വദേശികളുമാണ് കൊവിഡ് 19   മൂലം ഒമാനിൽ   മരണപ്പെട്ടത്.

ഇതിനിടെ ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നിരുന്നു. ഇന്ന് 154 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 112 പേര്‍ വിദേശികളും 42 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 3112ലെത്തിയെന്നും 1025 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.