മസ്കറ്റ്: പ്രവാസികളുമായി ഒമാനില്‍ നിന്നുള്ള ആദ്യ വിമാനം നാളെ കൊച്ചിയിലെത്തും. മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന  വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് മസ്‌കറ്റ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ വൃത്തങ്ങള്‍ പറഞ്ഞു. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ശനിയാഴ്ച വൈകുന്നേരം 4.15ന് പുറപ്പെടുന്ന വിമാനത്തില്‍ 180 യാത്രക്കാര്‍ ഉണ്ടാകുമെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അനൂജ് സ്വരൂപ് 'ഏഷ്യാനെറ്റ് ന്യൂസി'നോട് പറഞ്ഞു. ഒമാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു.

രാത്രി 8.50ഓടെ വിമാനം നെടുമ്പാശേരിയിലെത്തും. ജോലി നഷ്ടമായവര്‍, വിസാകാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരാണ്  കൊച്ചിയിലേക്കുള്ള ആദ്യ സംഘത്തില്‍ ഇടം നേടിയവര്‍. ആദ്യദിനത്തിലെ യാത്രക്കാര്‍ക്കുള്ള  ടിക്കറ്റുകളുടെ വിതരണം ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം എയര്‍ ഇന്ത്യ ഓഫീസില്‍ പുരോഗമിക്കുകയാണെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

എല്ലാവിധ ആരോഗ്യ നിര്‍ദേശങ്ങളും പാലിക്കാന്‍ സന്നദ്ധരാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം യാത്രക്കാര്‍ നല്‍കണമെന്നും  ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 12ന് ചെന്നൈയിലേക്ക് പോകുന്ന യാത്രക്കാരുടെ പട്ടിക തയ്യാറാക്കുന്നതും പുരോഗമിക്കുകയാണ്.  ഒമാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു.