അബുദാബി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ഗള്‍ഫിലുള്ള ഉത്തരമലബാറുകാരാണ്. നാട്ടിലേക്കുള്ള യാത്ര എളുപ്പമാകുമെന്നതാണ് അവര്‍ക്ക് ആശ്വാസമേകുന്നത്. കണ്ണൂരിലേക്ക് അബുദാബിയിൽ നിന്നുള്ള ആദ്യവിമാനം  ഉച്ചക്ക് പുറപ്പെടും.

പ്രവാസികളായ കണ്ണൂരുകാരുടെ കൂട്ടായ്മയുടേയും കണ്ണൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഓവര്‍സീസ് വിങിന്റെയും നാല്‍പതോളം പ്രതിനിധികളാണ് ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുന്നത്. കോഴിക്കോടോ മംഗലാപുരത്തോ വിമാനമിറങ്ങി നാട്ടിലേക്ക് പോകേണ്ടിയിരുന്ന കണ്ണൂരിലെ പ്രവാസികള്‍ യാത്രയ്ക്ക് വേണ്ടി ഒരു ദിവസം തന്നെ നീക്കിവെയ്ക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇനി ഇവര്‍ക്ക് നാട്ടിലേക്കുള്ള ദൂരം കുറയുന്നു. 

ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കെല്ലാം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ നേതൃത്വത്തില്‍ യാത്രയയപ്പും ഒരുക്കിയിട്ടുണ്ട്.