മലേഷ്യയിൽ നിന്നും 567 തീർഥാടകരാണ് രണ്ട് വിമാനങ്ങളിലായി ആദ്യമായി സൗദി അറേബ്യയില്‍ എത്തിയത്
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി സൗദി അറേബ്യയിലേക്കുള്ള തീർത്ഥാടകരുടെ വരവ് ആരംഭിച്ചു. തീർത്ഥാടകരുടെ ആദ്യ ഹജ്ജ് വിമാനങ്ങൾ മദീന വിമാനത്താവളത്തിലിറങ്ങി. മലേഷ്യയിൽ നിന്നുള്ള സംഘങ്ങളാണ് ആദ്യമായി മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിയത്. രണ്ട് വിമാനങ്ങളിലായി 567 തീർഥാടകരാണ് മലേഷ്യയിൽ നിന്നെത്തിയത്.
ഹജ്ജ് തീർത്ഥാടകരുടെ സൗദി അറേബ്യയിലേക്കുള്ള പ്രവേശന നടപടികൾ യാത്ര തിരിക്കുന്നതിനു മുമ്പ് സ്വദേശങ്ങളിൽ നിന്ന് തന്നെ പൂർത്തിയാക്കുന്ന 'മക്ക റൂട്ട്' പദ്ധതിയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ആദ്യമായി മദീനയിൽ ഇറങ്ങിയത്. പദ്ധതിയുടെ ഗുണഭോക്താക്കളായ തീർത്ഥാടകരുടെ ആദ്യ വിമാനങ്ങൾ മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത് ഷാ ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് മദീനയിലെത്തിയത്.
ഇവരുടെ വിരലടയാളവും കണ്ണടയാളവും ഫോട്ടോയുമെല്ലാം മക്ക റൂട്ട് പദ്ധതി പ്രകാരം സ്വദേശങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ പൂർത്തിയാക്കിയതിനാൽ തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിലെ പ്രവേശന നടപടികൾക്ക് കാത്തുനിൽക്കാതെ തന്നെ എളുപ്പത്തിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചു. പ്രത്യേക കോഡുകൾ നൽകി വേർതിരിച്ചതിനാൽ ഇവരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്ന പ്രക്രിയയും വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു.

