ഇത്തവണത്തെ വേനൽമഴയിലെ ആദ്യ ആലിപ്പഴ വർഷമാണ് ഇന്നലെ അൽ ഐനിലുണ്ടായത്

അൽഐൻ: യുഎഇയിൽ കടുത്ത വേനലിനിടയിലും ആശ്വാസത്തിന്റെ മഴ പെയ്തിറങ്ങി. ഇന്നലെ വൈകുന്നേരത്തോടെ അൽ ഐനിന്റെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ ലഭിച്ചു. മഴയോടൊപ്പം തന്നെ ആലിപ്പഴ വീഴ്ചയും ഉണ്ടായി. ഇത്തവണത്തെ വേനൽമഴയിലെ ആദ്യ ആലിപ്പഴ വർഷമാണ് ഇന്നലെ അൽ ഐനിലുണ്ടായത്. ഖതം അൽ ശക്ക്ല, മലാക്കിത് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തതെന്ന് യുഎഇ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതേസമയം, അൽ നബാ, ഉം ​ഗഫാ, അൽ ദാഹിർ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ മഴയാണ് ലഭിച്ചത്. അൽ ഐനിൽ മഴയെ തുടർന്ന് കാലാവസ്ഥ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയിൽ ഔദ്യോ​ഗികമായി വേനൽക്കാലം ആരംഭിച്ചിരിക്കുകയാണ്. താപനില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ മഴ പെയ്തത് പൗരന്മാർക്കും പ്രവാസികൾക്കും ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച യുഎഇയിൽ റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്. ജൂൺ 21ന് അൽ ദഫ്ര മേഖലയിൽ 49.9 ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. ജനുവരിയിലാണ് ഈ വർഷത്തെ ആദ്യ ആലിപ്പഴ വർഷം ഉണ്ടായത്. റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ പെയ്ത കനത്ത മഴയിലാണ് ആലിപ്പഴ വീഴ്ച ഉണ്ടായത്.

View post on Instagram