നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്കു ശേഷമാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി മസ്ക്കറ്റിലെത്തുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്

മസ്കറ്റ്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തി. ഇന്ന് രാവിലെ ഒമാൻ സമയം 10:40 ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ വിൽസൺ ജോർജ്ജ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ് കൺവീനർ അജയൻ പൊയ്യാറ എന്നിവർ എത്തിയിരുന്നു. നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്കു ശേഷമാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി മസ്ക്കറ്റിലെത്തുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്.

പ്രവാസോത്സവത്തിലടക്കം പങ്കെടുക്കും

നാളെ വൈകിട്ട് 7 മണിക്ക് മസ്കറ്റിലെ അമരാത്ത് മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാവിംഗ് സംഘടിപ്പിക്കുന്ന ഈ പരിപാടി പ്രവാസി മലയാളികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നതാകുമെന്നാണ് പ്രതീക്ഷ. മസ്കറ്റിലെ പരിപാടികൾക്ക് ശേഷം, മുഖ്യമന്ത്രി സലാലയിൽ നടക്കുന്ന പ്രവാസോത്സവത്തിൽ പങ്കെടുക്കാൻ പോകും.

26 വർഷങ്ങൾക്ക് ശേഷമെത്തുന്ന ആദ്യ കേരള മുഖ്യമന്ത്രി

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇത്തവണത്തെ സന്ദർശനത്തിന്റെ ഭാഗമായി പിണറായി എത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാൻ. ഈ മാസം 17 ന് മുഖ്യമന്ത്രി ബഹ്‌റൈൻ സന്ദർശിച്ചിരുന്നു. 26 വർഷങ്ങൾക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രി മസ്കറ്റ് സന്ദർശിക്കുന്നു എന്ന പ്രത്യേകതയും പിണറായിയുടെ യാത്രയ്ക്കുണ്ട്. 1999 ൽ മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഒമാൻ സന്ദർശിച്ചതിന് ശേഷം, ഇതാദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഒമാനിലെത്തുന്നത്. പ്രവാസി സമൂഹവുമായുള്ള ആശയവിനിമയവും സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തലുമാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.