പിവി സാമി മെമ്മോറിയൽ ഇന്‍ഡസ്ട്രിയൽ ആന്‍ഡ് സോഷ്യോ കള്‍ച്ചറൽ അവാര്‍ഡ് ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകൻ കെ മാധവന് സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ സെന്‍റിനറി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്
കോഴിക്കോട്: പിവി സാമി മെമ്മോറിയൽ ഇന്‍ഡസ്ട്രിയൽ ആന്‍ഡ് സോഷ്യോ കള്‍ച്ചറൽ അവാര്‍ഡ് ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീര്‍ഷനുമായ കെ മാധവന് സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ സെന്‍റിനറി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്. ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. കെ മാധവൻ വ്യവസായ, മാധ്യമ മേഖലകളിൽ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമാക്കി മാറ്റാമെന്ന് പത്ത് വർഷം മുമ്പ് ആരും കരുതിയിയിരുന്നില്ലെന്നു എന്നാൽ അത് ഇപ്പോള്‍ യഥാര്‍ഥ്യമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്‍റെ പുരോഗതി കേരളം കാണുന്നുണ്ട്. തുടർഭരണം കൊണ്ട് കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞു. കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമം വഴി രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്.
ഭരണതുടര്‍ച്ചയുണ്ടായതോടെ നിക്ഷേപ സൗഹൃദമാക്കാൻ തുടര്‍നടപടിയുണ്ടായി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഒന്നാമതായി. കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തോടെ രണ്ടുലക്ഷം കോടിയുടെ നിക്ഷേപമാണ് കേരളത്തിൽ വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിവി സാമി സമൂഹത്തിന് വെളിച്ചം പകർന്ന വ്യക്തിയെന്ന് പിണറായി വിജയൻ അനുസ്മരിച്ചു. പിവി സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയര്‍മാൻ പിവി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എംകെ രാഘവൻ എംപി കെ മാധവനെ പൊന്നാടയണിച്ചു. കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനിയയും പ്രമുഖ വ്യവസായിയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായിരുന്ന പിവി സാമിയുടെ സ്മരണയ്ക്കായാണ് പുരസ്കാരം. എംവി ശ്രേയാംസ്‍കുമാര്‍ ചെയര്‍മാനും ഡോ. സികെ രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.


