ആയുധ കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനയിലാണ് വിവിധ തരം തോക്കുകളുമായി പ്രതികൾ പിടിയിലായത്.
ദോഹ: രാജ്യത്തേക്ക് ലൈസൻസില്ലാത്ത തോക്കുകൾ കടത്തുന്ന സംഘത്തിലെ അഞ്ചുപേരെ ഖത്തർ ആഭ്യന്തരമന്ത്രാലയം പിടികൂടി. രണ്ട് സ്വദേശികളും മൂന്ന് വിദേശികളും അടങ്ങുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തത്. ആയുധ കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനയിലാണ് വിവിധ തരം തോക്കുകളുമായി പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും റൈഫിളുകൾ അടക്കം നൂറുകണക്കിന് അനധികൃത തോക്കുകൾ കണ്ടെടുത്തു.
തുടർനടപടികളുടെ ഭാഗമായി അഞ്ചുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആയുധകടത്തിനുപിന്നിൽ പ്രവർത്തിച്ചതായി സംശയിക്കപ്പെടുന്നവരെ കണ്ടെത്താനായി അധികൃതർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വ്യാഴാഴ്ച അബു സംറ അതിർത്തിയിൽ 300 മെഷീൻഗൺ വെടിയുണ്ടകളുമായി രണ്ടുപേരെ പിടികൂടിയിരുന്നു. രാജ്യത്തെ സുരക്ഷ ഉറപ്പാക്കുമെന്നും ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വയ്ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ക്രിമിനൽ നടപടികൾക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത ഇടപാടുകളിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
