റിയാദ്: തട്ടിപ്പ് മാര്‍ഗത്തിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 17 ദശലക്ഷം റിയാല്‍ കവര്‍ന്ന അഞ്ചുപേരെ റിയാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരന്മാരും വിദേശികളുമാണ് പ്രതികള്‍. അക്കൗണ്ട് ഉടമകളെ കബളിപ്പിച്ചാണ് പണം കവര്‍ന്നതെന്നും 20നും 30നുമിടയില്‍ പ്രായമുള്ള സൗദി, സിറിയന്‍ പൗരന്മാരാണ് പിടിയിലായതെന്നും പൊലീസ് റിയാദ് റീജ്യന്‍ പൊലീസ് വക്താവ് ഖാലിദ് അല്‍ഖുറൈദിസ് അറിയിച്ചു. 

പ്രമുഖ അഭിഭാഷകരെന്ന നാട്യത്തിലാണ് പ്രതികള്‍ അക്കൗണ്ടുടമകളെ സമീപിച്ചത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനികള്‍ വഴി വിദേശത്തേക്ക് അയക്കാന്‍ ശ്രമിച്ച് നിയമപ്രശ്‌നത്തിലായ പണം വീണ്ടെടുത്ത് നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അവകാശപ്പെട്ട് ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരുന്നു. ഈ രീതിയില്‍ നിരവധി പേരെ ഇവര്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് അവരുടെ ബാ-ങ്കിങ് രഹസ്യവിവരങ്ങളടക്കം തട്ടിപ്പുകാര്‍ ശേഖരിച്ചു. തുടര്‍ന്ന് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.

പല അക്കൗണ്ടുകളില്‍ നിന്നായി 17 ദശലക്ഷം റിയാല്‍ ഇവര്‍ കവര്‍ന്നു. പ്രതികളായ സൗദി പൗരന്മാരുടെ ഉടമസ്ഥതിയിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഈ പണം കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് സിറിയന്‍മാരുടെ രാജ്യത്തിന് പുറത്തുള്ള ബാങ്ക് അകൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തായിരുന്നു തട്ടിപ്പ്. പ്രതികളെ അനന്തര നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.