കുപ്പികളില്‍ നിറച്ചും അല്ലാതെയും സൂക്ഷിച്ചിരുന്ന വന്‍മദ്യ ശേഖരവും നിര്‍മാണത്തിനുപയോഗിക്കുന്ന സാധന സാമഗ്രികളും ഇവിടെ നിന്ന് അധികൃതര്‍ കണ്ടെടുത്തു.

കുവൈത്ത് സിറ്റി: അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് നടന്ന മദ്യ നിര്‍മാണം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. മഹ്ബുലയിലെ രണ്ട് അപ്പാര്‍ട്ട്മെന്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരായ അഞ്ച് പ്രവാസികള്‍ പിടിയിലായത്. കുപ്പികളില്‍ നിറച്ചും അല്ലാതെയും സൂക്ഷിച്ചിരുന്ന വന്‍മദ്യ ശേഖരവും നിര്‍മാണത്തിനുപയോഗിക്കുന്ന സാധന സാമഗ്രികളും ഇവിടെ നിന്ന് അധികൃതര്‍ കണ്ടെടുത്തു.

ഫ്ലാറ്റുകളില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തിരുന്നതായി പിടിയിലായവര്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അഹ്‍മദി സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലേഹ് മത്തറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മെഹ്ബുലയിലെ ഒരു ഒരു കെട്ടിടത്തില്‍ തന്നെയുള്ള അടുത്തടുത്ത രണ്ട് അപ്പാര്‍ട്ട്മെന്റുകളില്‍ മദ്യ നിര്‍മാണം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ വിശദമായ അന്വേഷണം നടത്തി ഉറപ്പുവരുത്തിയ ശേഷമായിരുന്നു പരിശോധന. പിടിച്ചെടുത്ത മദ്യം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.