വേണ്ടത്ര ജാഗ്രതയില്ലാതെയും അശ്രദ്ധമായും ഒരു വാഹനം പെട്ടെന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമായതെന്നാണ് ട്രാഫിക് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായത്. 

അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ അഞ്ച് പേര്‍ മരണപ്പെട്ടു. അബുദാബി അല്‍ ദഫ്‍റയിലെ അസബിലായിരുന്നു സംഭവം. ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു യുഎഇ പൗരനും ഒരു അറബ് പൗരനുമാണ് മരിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു.

മരിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടം നടന്ന ഉടന്‍ തന്നെ അബുദാബി പൊലീസും എമര്‍ജന്‍സി റെസ്‍പോണ്‍സ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വേണ്ടത്ര ജാഗ്രതയില്ലാതെയും അശ്രദ്ധമായും ഒരു വാഹനം പെട്ടെന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമായതെന്നാണ് ട്രാഫിക് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായത്. മെയിന്‍ റോഡിലൂടെ വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളുടെയും നിയന്ത്രണം നഷ്ടമാവുകയും തീപ്പിടിക്കുകയുമായികുന്നു.

മരണപ്പെട്ട ഇന്ത്യക്കാര്‍ ജോലി ചെയ്‍തിരുന്ന കമ്പനിയുമായും നാട്ടിലെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മറ്റ് നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

Read more: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌