സൗദി: സൗദി അറേബ്യയിൽ ഇതുവരെ അഞ്ച്  ഇന്ത്യക്കാർ കൊവിഡ് 19 ബാധിച്ച് മരിച്ചതായി ഇന്ത്യൻ എംബസി. രണ്ടു ദിവസത്തിനിടെയാണ് മൂന്നു ഇന്ത്യക്കാർ മരിച്ചത്. നേരത്തെ രണ്ടു മലയാളികളും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കൊവിഡ് 19 ബാധിച്ച്  ഏപ്രിൽ 17 വരെ സൗദിയിൽ മരിച്ചത് അഞ്ചു ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിലാണ് അറിയിച്ചത്. 

കണ്ണൂർ സ്വദേശി ഷബ്‌നാസ്, മലപ്പുറം സ്വദേശി സഫ്‌വാൻ എന്നിവരുടെ മരണം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശി സുലൈമാൻ സയ്യദ് ജുനൈദ്, ഉത്തർ പ്രദേശ് സ്വദേശി ബദ്‌റെ അലം, തെലുങ്കാന സ്വദേശി അസ്മത്തുള്ള ഖാൻ എന്നിവരാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ച മറ്റു ഇന്ത്യക്കാർ. കഴിഞ്ഞ ബുധനാഴ്ച എംബസി പുറത്തുവിട്ട കണക്കുപ്രകാരം 186 ഇന്ത്യക്കാർക്കാണ് സൗദിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്.

എന്നാൽ ഏപ്രിൽ 15 ന് ശേഷമുള്ള കണക്ക് എംബസിയിൽ നിന്ന് ഇതുവരെ ലഭ്യമായിട്ടില്ല. കൊവിഡുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമൂഹത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ എംബസിയിൽ പ്രവർത്തിക്കുന്നുണ്ട്. 0546103992 എന്ന ഹെല്പ് ലൈൻ നമ്പറിൽ വാട്സ്ആപ്പും ലഭ്യമാണ്. അടിയന്തര ഘട്ടങ്ങളിൽ ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് ഇന്ത്യൻ സമൂഹത്തോട് എംബസി അഭ്യർത്ഥിച്ചു.