മരിച്ച മലയാളികളിൽ 4 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), പാലക്കാട് സ്വദേശി മുഹമ്മദ് ആഷിഖ് എന്നവരാണ് മരിച്ച മലയാളികൾ.

റാസ് അല്‍ ഖൈമ: യു.എ.ഇയിലെ റാസ് അല്‍ ഖൈമയിലുണ്ടായ ദാരുണമായ ബസ്-ട്രക്ക് അപകടത്തില്‍ മരിച്ച 11 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതിൽ അഞ്ച് പേർ മലയാളികളാണ്. മരിച്ച മലയാളികളിൽ 4 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), പാലക്കാട് സ്വദേശി മുഹമ്മദ് ആഷിഖ് എന്നവരാണ് മരിച്ച മലയാളികൾ. ജിഗ്നേഷ് ധൻജിഭായ് (ഗുജറാത്ത്), ഗോവിന്ദരാജ് മഹാലിംഗം (തമിഴ്നാട്), വിനോദ് കുമാർ (ആന്ധ്രാപ്രദേശ്), മഹിമ സോണി (രാജസ്ഥാൻ), അലി റാഷിദ് (ഉത്തർപ്രദേശ്), രമൻ കുമാർ (പഞ്ചാബ്), രാജ്കുമാർ (പഞ്ചാബ്) എന്നിവരാണ് തിരിച്ചറിഞ്ഞ മറ്റ് ഇന്ത്യക്കാർ.

മരിച്ച തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് അബുദാബിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്തിടെ ദുബായിൽ പുതിയൊരു ജോലി ലഭിച്ചിരുന്നു. വിസ പുതുക്കുന്നതിനായി ഒമാനിലേക്ക് പോയ ശേഷം യുഎഇയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ബുധനാഴ്ച ദുബായിലെ പുതിയ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ അല്‍ വതന്‍ റോഡില്‍ 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് റോഡരികില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിച്ചുകയറിയായിരുന്നു അപകടം.

ഒമാനില്‍ വിസ മാറ്റത്തിനായി സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. 13 പേരാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് യാത്രക്കാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ വിട്ടു കൊടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റാസ് അൽ ഖൈമയിൽ എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവർക്കായി 800-46342 എന്ന 24 മണിക്കൂർ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും കോൺസുലേറ്റ് പങ്കുവെച്ചിട്ടുണ്ട്.