ദുബായ്: സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മാന്യമായ തൊഴില്‍ ലഭ്യമാക്കുന്നതിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ശൈഖ് ഹംദാന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എല്ലാവര്‍ക്കും ജോലിയെന്ന ലക്ഷ്യം സാധ്യമാക്കാനാവും. യുഎഇയിലെ ജനങ്ങള്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരാണെന്നും അവരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണ ശ്രമങ്ങള്‍ നേരിടുന്ന വെല്ലുവിളികളും തടസങ്ങളും  അടുത്ത ഘട്ടത്തില്‍ പരിശോധിച്ച്, അവ പരിഹരിക്കാന്‍ ശ്രമിക്കും. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു.

അഞ്ച് ഘട്ടങ്ങളായുള്ള സ്വദേശിവത്കരണ പദ്ധതിയാണ് ദുബായില്‍ നടപ്പാക്കുന്നത്. തൊഴില്‍ വിപണി പരിശോധിച്ച് തൊഴില്‍ സാധ്യതകളും അവസരങ്ങളും തിരിച്ചറിയുന്നതാണ് അദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ഇതിനനുസൃതമായ വിദ്യാഭ്യാസത്തിനും അഭിരുചി പരിശീലനത്തിനും ഊന്നല്‍ നല്‍കും. തൊഴില്‍ പദ്ധതികള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് ശേഷം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുകയുമാണ് പദ്ധതിയുടെ അവസാന ഘട്ടം. 12 വ്യത്യസ്ഥ മേഖലകളിലാണ് നിലവില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ദുബായിലെ സ്വദേശിവത്കരണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ശൈഖ് ഹംദാന്‍ നേരത്തെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റി, ദുബായ് സര്‍ക്കാറിന്റെ മാനവവിഭവശേഷി വകുപ്പ്, വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ഇപ്പോള്‍ സ്വദേശിവത്കരണ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.