ജനാലയ്ക്ക് സമീപം വെച്ചിരുന്ന കസേരയില്‍ കുട്ടി കയറിയതാണെന്നാണ് കരുതുന്നത്.

ഷാര്‍ജ: യുഎഇയില്‍ അഞ്ചു വയസ്സുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജയില്‍ കെട്ടിടത്തിന്‍റെ 20-ാം നിലയില്‍ നിന്ന് വീണാണ് നേപ്പാള്‍ സ്വദേശിയായ ബാലന്‍ മരിച്ചത്. 

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. ഷാര്‍ജയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. എമിറേറ്റിലെ ബു ദാനിഗ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ അപ്പാര്‍ട്ട്മെന്‍റിന്‍റെ ജനാലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. ജനാലയ്ക്ക് സമീപം വെച്ചിരുന്ന കസേരയില്‍ കുട്ടി കയറിയതാണെന്നാണ് കരുതുന്നത്. വിവരം അറിഞ്ഞ ഉടന്‍ അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Read Also -  മലയാളികളെ മാടിവിളിച്ച് ജര്‍മ്മനി; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സൗജന്യ പഠനവും തൊഴിലവസരവും, ഇപ്പോൾ അപേക്ഷിക്കാം

മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലും എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. മുതിർന്നവരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. മാതാപിതാക്കളെ പിന്നീട് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ എപ്പോഴും സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലാവണം കുട്ടികളെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. ചലിക്കുന്ന വസ്തുക്കള്‍ ഒരിക്കലും ജനലുകള്‍ക്കോ ബാല്‍ക്കണികള്‍ക്കോ സമീപം വെക്കരുതെന്നും ബാല്‍ക്കണിയിലേക്കുള്ള കുട്ടികളുടെ പ്രവേശനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മുതിർന്നവരുടെ അവഗണനയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം