അബുദാബി: യാത്രക്കാരന്റെ ടാബ്‍ലറ്റ് ഡിവൈസില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 131 വിമാനമാണ് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ അടിയന്തരമായി ഇറക്കിയത്.

അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനം സുരക്ഷിതമായി ഡബ്ലിനില്‍ ഇറക്കിയ ശേഷം ടാബ്‍ലറ്റ് ഡിവൈസ് വിമാനത്തില്‍ നിന്നുമാറ്റി. തുടര്‍ന്ന് യാത്ര തുടരുകയായിരുന്നു.

ബാറ്ററികളില്‍ നിന്ന് തീപിടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ആപ്പിള്‍ മാക്ബുക്ക് പ്രോ കംപ്യൂട്ടറുകളുടെ ചില മോഡലുകള്‍ക്ക് നേരത്തെ വിവിധ വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വിമാനം വഴിതിരിച്ചുവിട്ടതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഇത്തിഹാദ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.