ശൈത്യകാല അവധിക്കാലത്തിന് മുന്നോടിയായി വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു. മുൻ വർഷങ്ങളിൽ മൂന്നാഴ്ചയായിരുന്നത് ഇത്തവണ നാലാഴ്ചത്തെ അവധിയാണ്. ഇന്ത്യയിലേക്കുള്ള വിമാന നിരക്കാണ് ഏറ്റവും വേഗത്തിൽ വർധിക്കുന്നത്.
ദുബൈ: ശൈത്യകാല സ്കൂൾ അവധിക്ക് മുന്നോടിയായി യുഎഇ-ഇന്ത്യ റൂട്ടിൽ വിമാന നിരക്കുകൾ കുത്തനെ ഉയരുന്നു. ഡിസംബർ ആദ്യവാരം ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന അവധിക്കാലത്തിന് മുന്നോടിയായി ടിക്കറ്റ് ബുക്കിങ്ങുകളും വലിയ തോതില്‍ വര്‍ധിക്കുകയാണ്.
സെപ്റ്റംബർ അക്കാദമിക് കലണ്ടർ പിന്തുടരുന്ന യുഎഇയിലെ സ്കൂളുകൾക്ക് ഡിസംബർ 8-നാണ് അവധി തുടങ്ങുന്നത്. ഇത് 2026 ജനുവരി 4 വരെ നീളും. മുൻ വർഷങ്ങളിൽ മൂന്നാഴ്ചയായിരുന്നത് ഇത്തവണ നാലാഴ്ചത്തെ അവധിയാണ്. ദേശീയ ദിന അവധികൾ കൂടി (നവംബർ 28-ന് മുമ്പുള്ള അവസാന വാരാന്ത്യം പരിഗണിച്ചാൽ) കൂട്ടിച്ചേർത്താൽ ചില കുടുംബങ്ങൾ അഞ്ച് ആഴ്ചത്തെ അവധിക്ക് പോലും തയ്യാറെടുക്കുന്നുണ്ടെന്ന് ട്രാവൽ ഏജന്‍റുമാരെ ഉദ്ധരിച്ചുള്ള ഗൾഫ് ന്യൂസ് റിപ്പോര്‍ട്ടിൽ പറയുന്നു.
ശൈത്യകാല അവധിക്കാലത്ത് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ഏറെയാണെങ്കിലും ഇന്ത്യയിലേക്കുള്ള വിമാന നിരക്കാണ് ഏറ്റവും വേഗത്തിൽ വർധിക്കുന്നത്. സാധാരണ തിരക്കേറിയ സമയങ്ങളിൽ ഉണ്ടാകാറുള്ള ഈ വർധനവ് ഇത്തവണ യുഎഇ-ഇന്ത്യൻ റൂട്ടിൽ കൂടുതലാണെന്നും, ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലതെന്നും ട്രാവൽ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർ സൂചിപ്പിക്കുന്നു.
‘സ്കൂൾ അവധികളെ ആശ്രയിച്ച് യുഎഇ-ഇന്ത്യ റൂട്ടിൽ നിരക്കുകൾ വളരെ വേഗത്തിൽ മാറും, മികച്ച നിരക്കുകൾക്കായി കുടുംബങ്ങൾ നേരത്തെ തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഓഫ്-പീക്ക് സമയത്തേക്കാൾ നിരക്കുകൾ ഇപ്പോൾ കൂടുതലാണ്,'- സ്മാർട്ട് ട്രാവൽസ് ജനറൽ മാനേജർ സഫീർ മഹ്മൂദ് ഗൾഫ് ന്യൂസിനോട് പറഞ്ഞു. വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള എക്കണോമി ക്ലാസ് മടക്ക ടിക്കറ്റ് നിരക്ക് ലക്ഷ്യസ്ഥാനം അനുസരിച്ച് 1,200 ദിർഹം മുതൽ 1,900 ദിർഹം വരെയാണ്. നവംബർ 28 മുതൽ 2026 ജനുവരി 3 വരെയുള്ള യാത്രാ തീയതികളിൽ ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള നിരക്ക് 1,215 ദിർഹമാണ്. ഓഫ്-പീക്ക് സമയത്ത് മുംബൈയിലേക്കുള്ള ശരാശരി നിരക്ക് 830 ദിർഹമാണ്.
കേരളം ഉൾപ്പെടെയുള്ള തെക്കൻ ഇന്ത്യയിലേക്ക്
കേരളം ഉൾപ്പെടെയുള്ള തെക്കൻ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഡിസംബർ മാസത്തെ മടക്ക ടിക്കറ്റ് നിരക്ക് നിലവിൽ 1,200 ദിർഹം മുതൽ 1,400 ദിർഹം വരെയാണ്. ക്രിസ്മസും പുതുവത്സര അവധിയും അടുക്കുന്നതോടെ ഈ വിലകൾ ഇനിയും ഉയരാൻ സാധ്യതയുണ്ട്. സാധാരണ സമയങ്ങളിൽ ഈ റൂട്ടുകളിലെ ശരാശരി നിരക്ക് 800-1,000 ദിർഹമാണ്.
കൂടാതെ, ഇന്ത്യയുടെ പ്രധാന ബഡ്ജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സീറ്റുകളുടെ കുറവ് യാത്രാ സീസണിലെ വില വർധനവിന് ആക്കം കൂട്ടുമെന്ന് യുഎഇയിലെ ട്രാവൽ ഏജന്‍റുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ശൈത്യകാല അവധിക്കാലത്ത് തെക്കൻ ഇന്ത്യയിലേക്ക് ആവശ്യം വളരെ കൂടുതലാണ്. കേരള റൂട്ടുകളിലെ ഓഫ്-പീക്ക് നിരക്ക് 800 മുതൽ 900 ദിർഹം വരെയാണ്, എന്നാൽ ഈ വർഷം നവംബർ 28 മുതൽ സ്കൂളുകൾ അടയ്ക്കുന്നതിനാൽ ഡിസംബർ അവധി വളരെ കൂടുതലാണ്. അവധി ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുമായി ഒത്തുചേരുന്നതും, ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ സീറ്റ് ലഭ്യതയെയും നിരക്കുകളെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.
ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന ഹബ്ബുകളിലേക്കുള്ളതിനേക്കാൾ കൂടുതലാണ് രണ്ടാം നിര നഗരങ്ങളിലേക്കുള്ള നിരക്ക്. ന്യൂഡൽഹിയിലേക്കുള്ള ടിക്കറ്റിന് 1,105 ദിർഹമാകുമ്പോൾ, രാജസ്ഥാനിലെ ഉദയ്പൂരിലേക്കുള്ള ടിക്കറ്റിന് 2,944 ദിർഹമാണ് വില. സമാനമായി ഭോപ്പാലിലേക്കുള്ള നിരക്ക് 1,925 ദിർഹവും, അഹമ്മദാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് യഥാക്രമം 1,925 ദിർഹവും 2,248 ദിർഹവുമാണ്.
എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കുറഞ്ഞ സർവീസുകൾ
ബഡ്ജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ് തെക്കൻ ഇന്ത്യയിലെ ചില ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങളുടെ ശേഷി കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് ഇതിനകം തന്നെ വിലകൾ ഉയർന്നു. വിന്‍റര്‍ സീസണില്‍, പ്രത്യേകിച്ച് ക്രിസ്മസ് അവധിക്കാലത്ത് കേരള സെക്ടറിലേക്ക് വലിയ ഡിമാൻഡാണെന്ന് അരോഹ ട്രാവൽസ് എം.ഡി. റാഷിദ് അബ്ബാസ് പറഞ്ഞു. "നാല്പത് ശതമാനം വരെ വർദ്ധനവ് ഇതിനോടകം ഉണ്ടായിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
കുറഞ്ഞ സീറ്റുകൾക്കിടയിലെ ഉയർന്ന ഡിമാൻഡ് കാരണം ശീതകാലം മുഴുവൻ ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിൽ തുടരുമെന്ന് ഏജൻ്റുമാർ മുന്നറിയിപ്പ് നൽകുന്നു. മികച്ച വിലകളും ഇഷ്ടപ്പെട്ട യാത്രാ തീയതികളും ഉറപ്പാക്കാൻ യാത്രക്കാർ നേരത്തെ ബുക്ക് ചെയ്യണമെന്ന് വിദഗ്ധർ പറഞ്ഞു. ബുക്കിംഗിൻ്റെ ആദ്യ തിരക്ക് കുറഞ്ഞ ശേഷം മാത്രമേ നിരക്കുകൾ സ്ഥിരത കൈവരിക്കാൻ സാധ്യതയുള്ളൂ എന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നു.


