Asianet News MalayalamAsianet News Malayalam

പ്രവാസികളെ തിരിച്ചെത്തിക്കാൻ വന്ദേ ഭാരത് മിഷൻ: കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചു.

ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത് 2250 പ്രവാസികളാണ്. 

Flight ticket fare for passangers who selected for vande bharath mission
Author
Thiruvananthapuram, First Published May 5, 2020, 7:27 PM IST

ദില്ലി: കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും കാരണം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷന് കേന്ദ്രസ‍ർക്കാർ വന്ദേ ഭാരത് മിഷൻ എന്ന് പേരിട്ടു. വന്ദേ ഭാരത് മിഷൻ്റെ ഭാ​ഗമായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും എല്ലാ പ്രവാസികളുടെ അവരിപ്പോൾ നിൽക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുമായി സമ്പ‍ർക്കം തുടരണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. 

അതേസമയം കേന്ദ്രസ‍ർക്കാർ നാട്ടിലേക്ക് മടക്കി കൊണ്ടു വരാനായി തെരഞ്ഞെടുത്തവർ നൽകേണ്ട വിമാനടിക്കറ്റ് സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രാനിരക്ക് ചുവടെ...

അബുദാബി- കൊച്ചി 15000
ദുബായ് - കോഴിക്കോട് 15000
ദോഹ - കൊച്ചി 16000
ബഹറൈൻ - കൊച്ചി 17000
കുവൈറ്റ് - കൊച്ചി 19000
മസ്കറ്റ് - കൊച്ചി 14000
ദോഹ - തിരുവനന്തപുരം 17000
ബഹറൈൻ - കോഴിക്കോട് 16000
കുവൈറ്റ് - കോഴിക്കോട് 19000

ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത് 2250 പ്രവാസികളാണ്. കൊച്ചി ,കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍. തിരുവനന്തപുരത്തേക്കുളള ആദ്യ വിമാനം ഞായറാഴ്ചയെത്തും. വ്യാഴാഴ്ച നാല് വിമാനങ്ങളിലായി 800 പ്രവാസികള്‍ നാട്ടിലെത്തും. ദുബായില്‍ നിന്ന് രണ്ട് വിമാനങ്ങളും സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതവുമാണ് എത്തുന്നത്. ദുബായില്‍ നിന്നുളള ഒരു സര്‍വ്വീസും ഖത്തറില്‍ നിന്നുളള സര്‍വ്വീസും കൊച്ചി വിമാനത്താവളത്തിലേക്കും, മറ്റ് രണ്ട് സര്‍വ്വീസുകള്‍ കോഴിക്കോടേക്കുമാണുളളത്. 

കൊച്ചിയിലേക്ക് മെയ് ഒമ്പതിന്  ശനിയാഴ്ച  മസ്കറ്റിൽ നിന്നും വിമാനം പുറപ്പെടും. മസ്ക്കറ്റിൽ നിന്നുള്ള ഈ വിമാനത്തിൽ 250 യാത്രക്കാർ ഉണ്ടാകുമെന്നാണ്  ഔദ്യോഗിക വെളിപ്പെടുത്തൽ.  മസ്കറ്റിൽ  നിന്നുമുള്ള   രണ്ടാമത്തെ വിമാനം മെയ് 12 ന് 200 യാത്രക്കാരുമായി ചെന്നൈയിലേക്ക് പറക്കും.

വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ തയ്യാറാക്കുന്ന  പട്ടിക  പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുക. പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടുമെന്നും അതിനാൽ എല്ലാവരും ഇ-മെയിലുകൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.

ആദ്യ ആഴ്ച ഏഴ് രാജ്യങ്ങളില്‍ നിന്നുളളവരാണ് നാട്ടിലെത്തുന്നത്. ദുബായ്, സൗദി, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 3150 പേരാണ് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നത്. കൂടുതല്‍ പേരെത്തുന്നത് കൊച്ചിയിലാണ്.കോഴിക്കോട് 800 പേരും തിരുവനന്തപുരത്ത് 200 പേരുമാണ് ആദ്യ ആഴ്ച എത്തുന്നത്. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും മലയാളികള്‍ വരുന്നുണ്ടെങ്കിലും അവര്‍ ആദ്യ ഘട്ടത്തില്‍ ദില്ലി അടക്കം മറ്റ് സ്ഥലങ്ങളിലേക്കാണ് എത്തുന്നത്.

മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ തന്നെ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ഗണന അനുസരിച്ചാണ് പ്രവാസികളെ തിരികെയെത്തിക്കുക. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രാദേശിക തലത്തിലെ കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി അധ്യാപകരുടെ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എസി മൊയ്തീൻ വ്യക്തമാക്കി. ആവശ്യമെങ്കില്‍ പരിശീലനം നല്‍കിയ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും. ജോലി നഷ്ടപെട്ട് നാട്ടില്‍ മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണ്. ഇതിനുള്ള പദ്ധതികള്‍ ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios