ദുബായ്: വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി സര്‍വീസുകള്‍ വൈകി. ചില സര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നും യാത്രക്കാര്‍ വെബ്സൈറ്റിലൂടെ വിമാനങ്ങളുടെ തത്സമയ വിവരങ്ങള്‍ പരിശോധിക്കണമെന്നും എമിറേറ്റ്സ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ അന്തരീക്ഷ മര്‍ദം കാരണം യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ ലഭിക്കുന്നുണ്ട്. ഇന്നും അന്തരീക്ഷം മേഘാവൃതമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കടല്‍ ചെറിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും. ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ദുബായില്‍ മാത്രം 110 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,385 പേര്‍ പൊലീസ് സഹായം തേടിയെന്നും ദുബായ് പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. അപകടങ്ങളൊന്നും ഗുരുതരമായിരുന്നില്ല.