ദുബൈ: കൊവിഡിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ദുബൈയില്‍ വിമാന സര്‍വീസുകളില്‍ ചിലത് പുനഃക്രമീകരിച്ചു. ദുബൈയില്‍ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്കാണ് പുനഃക്രമീകരിച്ചത്. മാറ്റങ്ങള്‍ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ്‌ജെറ്റ് എന്നിവയുടെ സര്‍വീസുകളില്‍ ചിലതാണ് റാസല്‍ഖൈമയിലേക്ക് പുറപ്പെട്ടത്. ഡിസംബര്‍ 24നും 31നും ഇടയില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചതായി സ്പൈസ്ജെറ്റ് ട്വിറ്ററില്‍ അറിയിച്ചു. ദുബൈയില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചി, കോഴിക്കോട്, മംഗളൂരു സര്‍വീസുകളും റാസല്‍ഖൈമയിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ട്രാവല്‍ ഏജന്‍സികളുമായോ എയര്‍ലൈന്‍ ഓഫീസുമായോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തണം. യാത്രക്കാര്‍ക്ക് വേണ്ടി അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായി സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു. സ്‌പൈസ്‌ജെറ്റിന്റെ ചില സര്‍വീസുകള്‍ വെള്ളിയാഴ്ചയും റാസല്‍ഖൈമയില്‍ നിന്നാകും പുറപ്പെടുകയെന്ന് വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.