അറ്റകുറ്റപ്പണി നടക്കുന്ന കാലയളവില്‍ ദുബായ് വിമാനത്താവളത്തിന്റെ ആകെ ശേഷിയുടെ പകുതിയോളമേ ഉപയോഗിക്കാനാവൂ.
ദുബൈ: ദുബൈ വിമാനത്താവളം നവീകരണത്തിനായി അടച്ചിടുന്ന കാലയളവില്‍ ഫ്ലൈ ദുബായ് എയര്‍ലൈന്‍സിന്റെ ചില സര്‍വ്വീസുകള്‍ ജബല്‍ അലിയിലെ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റും. 39 സര്‍വ്വീസുകളാണ് ഇങ്ങനെ മാറ്റുന്നത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വ്വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
2019 ഏപ്രില്‍ 19 മുതല്‍ ഒന്നരമാസത്തേക്കാണ് വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. മേയ് 30 വരെ വിമാന സര്‍വ്വീസുകളില്‍ കാര്യമായ മാറ്റം വന്നേക്കും. ഇന്ത്യയില്‍ തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ ദില്ലി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഫൈസാബാദ്, ലക്നൗ, എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റും.
ഇതിന് പുറമെ ദുബായില്‍ നിന്ന് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചില സര്‍വ്വീസുകളും പുനഃക്രമീകരിക്കും. അറ്റകുറ്റപ്പണി നടക്കുന്ന കാലയളവില്‍ ദുബായ് വിമാനത്താവളത്തിന്റെ ആകെ ശേഷിയുടെ പകുതിയോളമേ ഉപയോഗിക്കാനാവൂ. ഇക്കാലയളവില്‍ സര്‍വ്വീസ് വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ കമ്പനികളെ അറിയിച്ചിട്ടുണ്ട്. മറ്റ് വിമാനക്കമ്പനികളും സമാനമായ അറിയിപ്പ് നല്‍കാനാണ് സാധ്യത.
