റിയാദ്: കൊവിഡ് വ്യാപനം മൂലം സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ സൗദിയിൽ കുടുങ്ങിയ വിദേശ ഉംറ തീർത്ഥാടകർ നാട്ടിലേക്കു മടങ്ങി. ഈ  തീർത്ഥാടകർ ജിദ്ദയിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങിയത്. 120 ഈജിപ്റ്റുകാരും 150 പാകിസ്ഥാനികളും 172 ഇറാഖി തീർത്ഥാടകരുമാണ് ജിദ്ദ കിംഗ് അബ്ദുൾഅസീസ് 
വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങിയത്.

രാജ്യത്തു കുടുങ്ങിയ തീർത്ഥാടകരെ സൗജന്യമായാണ് സൗദി നാടുകളിലെത്തിക്കുന്നത്. മടക്കയാത്ര മുടങ്ങിയ തീർത്ഥാടകരെ മക്കയിലും ജിദ്ദയിലുമുള്ള ഹോട്ടലുകളിലാണ് ഹജ്ജ് -ഉംറ മന്ത്രാലയം പാർപ്പിച്ചിരുന്നത്. അതേസമയം കൊവിഡ് 19 ബാധിച്ചു 24 മണിക്കൂറിനിടെ സൗദിയിൽ ഏഴു വിദേശികളടക്കം ഒൻപത് പേർമരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ മരണസംഖ്യ 136 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും വർധനവുണ്ടായി.  1197 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 16299 ആയി. ഇതിൽ 13948 പേർ ചികിത്സയിലാണ്. ഇന്ന് 166 പേർക്കുകൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 2215 ആയി.

മക്കയിൽ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 364 പേർക്കാണ്. ജിദ്ദയിൽ 271 പേർക്കും റിയാദിൽ 170 പേർക്കും മദീനയിൽ 120 പേർക്കും അൽ ഖോബാറിൽ 45 പേർക്കും ദമ്മാമിൽ 43 പേർക്കും ജുബൈലിൽ 26 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.