വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് വാങ്ങാനെത്തിയ ആളെന്ന വ്യാജേന യുവതിയെ സമീപിക്കുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്‍തു. 250 ദിനാറിന് മയക്കുമരുന്ന് എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. 

മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തും വില്‍പനയും നടത്തിയ സ്‍ത്രീക്ക് അഞ്ച് വര്‍ഷം തടവ്. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷക്കെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍, ഹൈ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. ജയില്‍ ശിക്ഷക്ക് പുറമെ 3000 ദിനാര്‍ പിഴയടയ്‍ക്കണം. ശിക്ഷ അനുഭവിച്ച് കഴിയുന്നതോടെ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാനായി പൊലീസ് സംഘം കെണിയൊരുക്കുകയായിരുന്നു. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് വാങ്ങാനെത്തിയ ആളെന്ന വ്യാജേന യുവതിയെ സമീപിക്കുകയും കച്ചവടം ഉറപ്പിക്കുകയും ചെയ്‍തു. 250 ദിനാറിന് മയക്കുമരുന്ന് എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. നിശ്ചയിച്ച് ഉറപ്പിച്ചത് പ്രകാരം മയക്കുമരുന്ന് കൈമാറുകയും ചെയ്‍തു. എന്നാല്‍ ഇതിനിടയില്‍ അസ്വാഭാവികത തോന്നിയ യുവതി ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ നിരീക്ഷിക്കുകയായിരുന്ന പൊലീസ് ഉദ്യഗസ്ഥരും ഇതോടെ യുവതിയെ പിന്തുടര്‍ന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരു അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഒളിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസ് സംഘം ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ കൈവശം മറ്റ് മയക്കുമരുന്നുകളും ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്‍തു.