ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്വബോധത്തിലല്ലായിരുന്ന യുവാവ് ഉദ്യോഗസ്ഥരെയും തടഞ്ഞു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച (Harassing people) യുവാവിനെ അറസ്റ്റ് ചെയ്‍തു. അഹ്‍മദിയിലായിരുന്നു സംഭവം. 30 വയസില്‍ താഴെ പ്രായമുള്ള യുവാവാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ വിദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹ്‍മദി ഗവര്‍ണറേറ്റിലെ മാളിന് സമീപത്തുനിന്ന് അതുവഴി പോകുന്നവരെ ഉപദ്രവിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്വബോധത്തിലല്ലായിരുന്ന യുവാവ് ഉദ്യോഗസ്ഥരെയും തടഞ്ഞു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കാറില്‍ നിന്ന് വിവിധ തരത്തില്‍പെട്ട മയക്കുമരുന്നുകളും മദ്യവും കണ്ടെടുത്തു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‍പ്പെടുത്തി അറസ്റ്റ് ചെയ്‍തു. മയക്കുമരുന്ന് ഗുളികകള്‍, ക്രിസ്റ്റല്‍മെത്ത്, കഞ്ചാവ്, വിദേശനിര്‍മിത മദ്യം എന്നിവ ഇയാളുടെ വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.