റിയാദ്: മക്കയില്‍ വന്‍തോതില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയിരുന്ന വിദേശിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തു. അല്‍ഹുസൈനിയ ഡിസ്‍ട്രിക്റ്റില്‍ ഇസ്‍തിറാഹ കേന്ദ്രീകരിച്ചായിരുന്നു മദ്യ വില്‍പന. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നയാളാണ് പിടിയിലായത്.

വില്‍പനയ്ക്ക് തയ്യാറാക്കിവെച്ച 51 കുപ്പി മദ്യവും 200 ലിറ്റര്‍ വീതമുള്ള നാല് ബാരല്‍ വാഷും മദ്യം നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന സംവിധാനങ്ങളും അസംസ്‍കൃത വസ്‍തുക്കളും ഇവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മക്ക പൊലീസ് അറിയിച്ചു.