കുവൈത്തിൽ അപ്പാര്‍ട്ട്മെന്‍റിന്‍റെ അടുക്കളയിൽ വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം ഡിഗ്രി പൊള്ളലേറ്റതായും ശരീരത്തിൽ ഒടിവുകളും ചതവുകളും ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷാബ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്തെ അപ്പാർട്ട്മെന്‍റിന്‍റെ അടുക്കളയിൽ തന്‍റെ ഏഷ്യൻ ഗാർഹിക തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒരു അറബ് പൗരനില്‍ നിന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
റിപ്പോർട്ട് ലഭിച്ചയുടനെ ഹവല്ലി ഗവർണറേറ്റിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫോറൻസിക് ഉദ്യോഗസ്ഥർ , കൊറോണർ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി. ഇരയുടെ ശരീരത്തിൽ ചൂടുവെള്ളം വീണതിന്‍റെ ഫലമായി രണ്ടാം ഡിഗ്രി പൊള്ളലേറ്റതായും ശരീരത്തിൽ ഒടിവുകളും ചതവുകളും ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വീട്ടുടമസ്ഥരായ ഭർത്താവിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ വീട്ടുജോലിക്കാരിയും സ്‌പോൺസറുടെ ഭാര്യയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. തന്റെ കുട്ടിയെ ആക്രമിച്ചതിന്റെ പേരിൽ വീട്ടുജോലിക്കാരിയെ ചെറുതായി മർദ്ദിച്ചതായും തുടർന്ന് അടുക്കളയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായും ഭാര്യ പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.


