പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോള്‍ വിദേശി തന്നെയാണ് സമീപത്ത് ഉണ്ടായിരുന്ന ആക്രമികളോട് സഹായം തേടിയത്. ഇതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ പിന്‍വശത്ത് കൂടി എത്തിയ സംഘത്തിലെ ഒരാള്‍ വിദേശിയുടെ കഴുത്ത് ഞെരിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ജിദ്ദ: സൗദി അറേബ്യയിലെ(Saudi Arabia) ദക്ഷിണ ജിദ്ദയിലെ(Jeddah) ജാമിഅ ഡിസ്ട്രിക്ടില്‍ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദേശിയെ ക്രൂരമായി ആക്രമിച്ച് (attack)പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു. ഇഖാമ, തൊഴില്‍ നിയമലംഘകരായ രണ്ട് ആഫ്രിക്കക്കാര്‍ ചേര്‍ന്ന് അപ്രതീക്ഷിതമായി വിദേശിയെ ആക്രമിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു. 

ജാമിഅ ഡിസ്ട്രിക്ടില്‍ അല്‍ഖുര്‍തുബി സൂപ്പര്‍ മാര്‍ക്കറ്റിന് പിന്നില്‍ അല്‍റാജ്ഹി മസ്ജിദിന് മുമ്പിലാണ് സംഭവം ഉണ്ടായത്. പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോള്‍ വിദേശി തന്നെയാണ് സമീപത്ത് ഉണ്ടായിരുന്ന ആക്രമികളോട് സഹായം തേടിയത്. ഇതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ പിന്‍വശത്ത് കൂടി എത്തിയ സംഘത്തിലെ ഒരാള്‍ വിദേശിയുടെ കഴുത്ത് ഞെരിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഈ സമയം സംഘത്തിലെ രണ്ടാമന്‍ വിദേശിയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു. മര്‍ദ്ദനത്തില്‍ വിദേശി ബോധരഹിതനായതോടെ പണവും മറ്റുമായി അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.