കഴിഞ്ഞ ദിവസം രാവിലെ തബൂക്ക് നഗരത്തിലായിരുന്നു സംഭവം. ഒരു വിദേശ യുവതിയാണ് തബൂക്കിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് ഭീഷണി മുഴക്കിയത്.

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി. കഴിഞ്ഞ ദിവസം രാവിലെ തബൂക്ക് നഗരത്തിലായിരുന്നു സംഭവം. ഒരു വിദേശ യുവതിയാണ് തബൂക്കിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് ഭീഷണി മുഴക്കിയത്.

കെട്ടിടത്തിന്റെ ടെറസില്‍ കയറി നിന്ന യുവതി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. പ്രദേശവാസികളാണ് സുരക്ഷാ ഉദ്യോഗസ്ഥരെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു. തുടര്‍ന്ന് സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ ശ്രമങ്ങളിലൂടെ യുവതി ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. പിന്നീട് ഇവരെ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തു.