ജിസാനിലെ സ്വബ്‍യയിലുള്ള ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ടത്.
റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ട് ഒരു കുടുംബത്തിലെ നാല് കുട്ടികളെ കാണാതായി. തെരച്ചിലില്‍ ഒരു മൃതദേഹം കണ്ടെടുത്തു. വാദി വാസിഇലായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ കണ്‍മുന്നില്‍വെച്ചാണ് കുട്ടികളെ ഒഴുക്കില്‍പെട്ട് കാണാതായത്.
ജിസാനിലെ സ്വബ്‍യയിലുള്ള ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ടത്. കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം പിന്നീട് തെരച്ചിലില്‍ കണ്ടെടുത്തു. പിക്കപ്പ് വാഹനം അപകടത്തില്‍പെട്ട സ്ഥലത്തു നിന്ന് ഏറെ അകലെ നിന്നാണ് സിവില്‍ ഡിഫന്‍സ് സംഘം മൃതദേഹം കണ്ടെടുത്തത്. മറ്റ് കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. നേരത്തെയും ഈ പ്രദേശത്ത് അപകടങ്ങുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് ലഭിച്ചത്. ജിസാനിലെ അല്‍ ഹഷ്‍ര്‍ മലനിരകളില്‍ ശക്തമായ വെള്ളക്കെട്ടുണ്ടായി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്ക്ക് പുറമെ പലയിടങ്ങളിലും കാറ്റും മിന്നലുമുണ്ട്. വ്യാഴാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
