അബഹ: സൗദി അറേബ്യയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. അല്‍റൈന്‍-ബീശ റോഡിലാണ് അപകടമുണ്ടായത്. വരന്റെ ബന്ധുക്കളാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന വിവാഹം നീട്ടിവെച്ചു. അസീര്‍ പ്രവിശ്യയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ റിയാദില്‍ വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ അല്‍റൈന്‍ ആശുപത്രിയില്‍ നിന്ന് ബീശ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. സ്വദേശത്തെ ഖബര്‍സ്ഥാനില്‍ മൃതദേഹങ്ങള്‍ ഖബറടക്കി.