ഒപ്പമുണ്ടായിരുന്ന സ്‍ത്രീകളെ മാന്യമല്ലാത്ത തരത്തില്‍ നോക്കിയത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കുപിതരായ ഇവര്‍ ഇക്കാര്യം ചോദിച്ച് യുവാക്കളുമായി വാക്കേറ്റമായി. ഇതിനിടെ വസ്‍ത്രത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്തു വീശി പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‍തു. 

ദുബൈ: കാമുകിമാരെ മാന്യമല്ലാത്ത രീതിയില്‍ നോക്കിയെന്നും കമന്റടിച്ചെന്നും ആരോപിച്ച് നാല് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. പ്രതികള്‍ എല്ലാവരും ഏഷ്യക്കാരായ പ്രവാസികള്‍ ആണെന്ന വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ട രേഖകളിലുള്ളത്. ഇവരുടെ മര്‍ദനമേറ്റത് അറബ് വംശജര്‍ക്കാണെന്നും കോടതി രേഖകള്‍ പറയുന്നു. വടികളും കത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രൂക്ഷമായ വാദപ്രതിവാദം പിന്നീട് കൈയ്യാങ്കളിലേക്ക് എത്തുകയായിരുന്നു. മര്‍ദനമേറ്റവര്‍ക്ക് സാരമായ പരിക്കുകളുണ്ട്.

മര്‍ദനമേറ്റ അറബ് വംശജര്‍ രാത്രി വൈകി റോഡിലൂടെ നടക്കുകയായിരുന്നുവെന്നും അതിനിടെ പ്രതികളില്‍ രണ്ട് പേരെ രണ്ട് സ്‍ത്രീകള്‍ക്ക് ഒപ്പം കണ്ടുവെന്നും ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന സ്‍ത്രീകളെ മാന്യമല്ലാത്ത തരത്തില്‍ നോക്കിയത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കുപിതരായ ഇവര്‍ ഇക്കാര്യം ചോദിച്ച് യുവാക്കളുമായി വാക്കേറ്റമായി. ഇതിനിടെ വസ്‍ത്രത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്തു വീശി പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‍തു. ശേഷം സുഹൃത്തുക്കളായ രണ്ട് പേരെക്കൂടി ഇവര്‍ അവിടേക്ക് വിളിച്ചുവരുത്തിയെന്നും ഇവരെല്ലാവരും ചേര്‍ന്ന് യുവാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടുവെന്നുമാണ് കേസ് രേഖകളില്‍ ഉള്ളത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളെക്കുറിച്ചും അയാളുടെ താമസസ്ഥലത്തെക്കുറിച്ചും വിവരം ലഭിച്ചു. തുടര്‍ന്ന് ഇവിടെ റെയ്ഡ് നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ പങ്കെടുത്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. താനും സുഹൃത്തുക്കളും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പുറത്തുപോയതെന്നും തങ്ങളല്ല പ്രശ്‍നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നം മര്‍ദനമേറ്റവരില്‍ ഒരാളാണ് തുടക്കമിട്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കേസ് കോടതിയിലേ്ക് കൈമാറി. നാല് പ്രവാസികള്‍ക്കും ഒരു മാസം വീതം ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം പിഴയുമാണ് ദുബൈ പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായ ശേഷം എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

Read also:  പ്രവാസികള്‍ ശ്രദ്ധിക്കുക; താമസ വിസ പുതുക്കുന്നതിനുള്ള പുതിയ മാനദണ്ഡം പ്രാബല്യത്തില്‍