അബുദാബിയിലെ ഒരു വെയര്‍ഹൗസില്‍ ജോലി ചെയ്‍തിരുന്ന പ്രവാസികളാണ് പിടിയിലായത്. വെയര്‍ഹൗസിന്റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ഇവര്‍ ഇവിടെ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച് കടത്തിയെന്നാണ് പരാതി. 

അബുദാബി: യുഎഇയില്‍ ജോലി സ്ഥലത്തു നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച നാല് പ്രവാസികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കേസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊഴിലുടമയ്ക്ക് നിയമ നടപടികള്‍ക്കായി ചെലവായ തുകയും പ്രതികള്‍ വഹിക്കണം.

അബുദാബിയിലെ ഒരു വെയര്‍ഹൗസില്‍ ജോലി ചെയ്‍തിരുന്ന പ്രവാസികളാണ് പിടിയിലായത്. വെയര്‍ഹൗസിന്റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ഇവര്‍ ഇവിടെ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച് കടത്തിയെന്നാണ് പരാതി. നേരത്തെ കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും 20,000 ദിര്‍ഹം വീതം പിഴയും വിധിച്ചു. എന്നാല്‍ മോഷണം കാരണം കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി പ്രതികളില്‍ നിന്ന് 1,51,000 ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ സിവില്‍ കേസ് ഫയല്‍ ചെയ്‍തു. 

എല്ലാ കക്ഷികളുടെയും വാദം പരിഗണിച്ച കോടതി പ്രതികള്‍ എല്ലാവരും ചേര്‍ന്ന് കമ്പനിക്ക് ഒന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പ്രസ്‍താവിച്ചു. നാല് പേരും കുറ്റക്കാരാണെന്ന പ്രാഥമിക കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഇത്തരമൊരു വിധി പ്രസ്‍താവിച്ചത്. ഇതിന് പുറമെയാണ് ഈ കേസ് നടത്താന്‍ തൊഴിലുടമയ്ക്ക് ചെലവായ തുകയും പ്രതികള്‍ നല്‍കണമെന്ന ഉത്തരവ്.

Read also: മുന്‍കാമുകന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, അന്വേഷണം തുടങ്ങിയപ്പോള്‍ പിന്മാറി; യുവതിക്ക് ശിക്ഷ വിധിച്ച് കോടതി