നാല് ദിവസം മുന്‍പാണ് യുവതികളെ ദുബായിലെത്തിച്ചത്. കോയമ്പത്തൂരില്‍ തന്നെയുള്ള ഒരു ഏജന്റായിരുന്നു ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ ദുബായിലെത്തിയതോടെ ഇവരെ തടങ്കലിലാക്കി. രാത്രി നിര്‍ബന്ധിച്ച് ഡാന്‍സ് ബാറിലെത്തിക്കുകയും ചെയ്തു.
ദുബായ്: ഏജന്റിന്റെ തട്ടിപ്പിനിരയായി ദുബായിലെ ഡാന്‍സ് ബാറിലെത്തിച്ച നാല് ഇന്ത്യന്‍ യുവതികളെ കോണ്‍സുലേറ്റ് അധികൃതര്‍ രക്ഷിച്ചു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് കോയമ്പത്തൂര്‍ സ്വദേശികളായ ഇവര്‍ക്ക് തുണയായത്. ഇവന്റ് മാനേജ്‍മെന്റ് സ്ഥാപനത്തില്‍ നല്ല ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരെ കബളിപ്പിച്ചത്.
നാല് ദിവസം മുന്‍പാണ് യുവതികളെ ദുബായിലെത്തിച്ചത്. കോയമ്പത്തൂരില്‍ തന്നെയുള്ള ഒരു ഏജന്റായിരുന്നു ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ ദുബായിലെത്തിയതോടെ ഇവരെ തടങ്കലിലാക്കി. രാത്രി നിര്‍ബന്ധിച്ച് ഡാന്‍സ് ബാറിലെത്തിക്കുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതികള്‍ നാട്ടിലെ ബന്ധുവിനെ വിവരറിയിച്ചുകൊണ്ട് സന്ദേശമയച്ചു. ഈ സന്ദേശം ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹം യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പ്രശ്നത്തില്‍ ഇടപെടുകയും ദുബായ് പൊലീസിന്റെ സഹായത്തോടെ നാല് പേരെയും മോചിപ്പിക്കുകയുമായിരുന്നു. കോണ്‍സുലേറ്റില്‍ എത്തിച്ച യുവതികളെ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടക്കി അയച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും വി. മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.
