റിയാദ്: നാല് പുതിയ എണ്ണ, വാതക പാടങ്ങള്‍ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. സൗദി അരാംകോയാണ് കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാെന്റ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍റീഷ്, മിനഹസ് എന്നീ പ്രദേശങ്ങളില്‍ പുതിയ നിക്ഷേപങ്ങള്‍ കണ്ടെത്തിയത്. അല്‍റീഷില്‍ നിലവില്‍ ഒരു എണ്ണക്കിണറുണ്ട്.  

ഇപ്പോള്‍ സ്ഥാപിച്ച രണ്ടാമത്തെ എണ്ണക്കിണറില്‍ നിന്ന് പ്രതിദിനം 4,452 ബാരല്‍ അസംസ്‌കൃത എണ്ണയും 32 ലക്ഷം ക്യുബിക് അടി പ്രകൃതി വാതകവും ഖനനം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഈ പ്രദേശത്തെ എണ്ണ നിക്ഷേപത്തിന്റെ തോതറിയാന്‍ അരാംകോ രണ്ട് എണ്ണക്കിണറുകള്‍ കൂടി കുഴിച്ചിട്ടുണ്ട്. ഇതില്‍ മൂന്നാമത്തെ കിണറില്‍നിന്ന് പ്രതിദിനം 2,745 ബാരല്‍ ക്രൂഡ് ഓയിലും 30 ലക്ഷം ക്യുബിക് അടി വാതകവുമാണ് ഖനനം ചെയ്യാനായത്. നാലാമത്തെ കിണറില്‍ നിന്ന് പ്രതിദിനം 3,654 ബാരല്‍ എണ്ണയും 16 ലക്ഷം ക്യുബിക് അടി വാതകവും ഉല്‍പാദിപ്പിക്കും.

മിനഹസ് എണ്ണപ്പാടത്തെ സാറഹ്, അല്‍സഹ്ബ കിണറുകളിലാണ് പ്രകൃതി വാതകം കണ്ടെത്തിയത്. ഇവിടെ നിന്നും പ്രതിദിനം 18 ദശലക്ഷം ക്യുബിക് അടി വാതകവും 98 ബാരല്‍ എണ്ണയും ഖനനം ചെയ്യും. 32 ദശലക്ഷം വാതകം ഖനനം ചെയ്യാനുള്ള ശേഷി അല്‍സഹ്ബ കിണറിനുണ്ടെന്ന് കണക്കാക്കുന്നു. വടക്കന്‍ അതിര്‍ത്തി മേഖലയിലെ റഫ പട്ടണത്തിന് സമീപമുള്ള അജ്റമിയ എണ്ണപ്പാടത്തിലെ കിണറിന് ദിനംപ്രതി 3,850 ബാരല്‍ എണ്ണ ഉല്‍പാദിക്കാനുള്ള ശേഷിയുണ്ട്.