കുട്ടികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അമിത വേഗത കാരണം വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

റാസല്‍ഖൈമ: വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ മരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 122ന് സമീപത്തായിരുന്നു ദാരുണമായ അപകടം നടന്നത്. മരിച്ചവരെല്ലാം 15നും 19നും ഇടയില്‍ പ്രായമായവരാണ്.

കുട്ടികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അമിത വേഗത കാരണം വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്വദേശികളും ഒരാള്‍ ഏഷ്യക്കാരനുമാണ്. സ്വദേശികളായ മറ്റ് മൂന്ന് കുട്ടികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

വൈകുന്നേരം 6.55നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്റ് കണ്‍ട്രോള്‍ വിഭാഗം തലവന്‍ കേണല്‍ മുഹമ്മദ് അല്‍ ബഹ്ഹാര്‍ പറഞ്ഞു. ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സ്, പാരമെഡിക്കല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടനെ ആശുപത്രികളിലേക്ക് മാറ്റി.