ഷാര്‍ജ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ നാല് വയസുകാരന്‍ രക്ഷപെട്ടു. ഞായറാഴ്‍ചയായിരുന്നു കെട്ടിടത്തിന്റെ ഒരു നില ഉയരത്തില്‍ നിന്ന് കുട്ടി താഴേക്ക് വീണതെന്ന് അല്‍ ബുഹൈറ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ അബ്‍ദുല്ല സലീം അല്‍ നഖ്‍ബി പറഞ്ഞു.

അപകടം നടന്നയുടന്‍ സ്ഥലത്ത് കുതിച്ചെത്തിയ ഷാര്‍ജ പൊലീസ് സംഘം കുട്ടിയെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘം കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിന് കുട്ടിയുടെ പിതാവ് നന്ദി അറിയിച്ചു.

അതേസമയം വീടിനുള്ളില്‍ കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. ചെറിയ കുട്ടികളുള്ളവര്‍ ജനലുകളുടെയും ബാല്‍ക്കണികളുടെയും സമീപത്ത് മേശകളും കസേരകളും ഇടരുത്. കുട്ടികളുടെ കാര്യത്തില്‍ ഒരിക്കലും അശ്രദ്ധരാകരുതെന്നും പൊലീസ് പറഞ്ഞു.