ക്ഷീണിതനായ ഇദ്ദേഹം പിന്നീട് മുറിയിലേക്ക് പോയി ഉറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷമാണ് നാലു വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇവര്‍ വീട്ടില്‍ മുഴുവന്‍ തെരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടില്ല.

ദുബൈ: പിതാവിന്റെ അശ്രദ്ധ മൂലം നാലുവയസ്സുകാരി കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ദുബൈയിലാണ് സംഭവം. മണിക്കൂറുകളോളം അടച്ചിട്ട കാറിനുള്ളില്‍ കഴിഞ്ഞ കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം ഉണ്ടായത്. ഷോപ്പിങിന് ശേഷം വീട്ടിലെത്തിയ പിതാവ് കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ വീടിനകത്തേക്ക് കൊണ്ടുവെക്കാന്‍ മക്കളുടെ സഹായം തേടി. തന്റെ നാല് മക്കളോടും കാറില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നതിന് സഹായിക്കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു. വളരെയധികം ക്ഷീണിതനായ ഇദ്ദേഹം പിന്നീട് മുറിയിലേക്ക് പോയി ഉറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷമാണ് നാലു വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇവര്‍ വീട്ടില്‍ മുഴുവന്‍ തെരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടില്ല. ഒടുവില്‍ പിതാവ് കാര്‍ തുറന്ന് നോക്കിയപ്പോള്‍ മുന്‍ സീറ്റില്‍ കുട്ടി അവശയായി കിടക്കുന്നതാണ് കണ്ടതെന്ന് ദുബൈ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹമ്മദിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ ദുബൈ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചില്ല. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണമെന്നും വാഹനങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കി ഒരു കാരണവശാലും പോകതരുതെന്നും കേണല്‍ അഹമ്മദ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.