Asianet News MalayalamAsianet News Malayalam

മാനവസാഹോദര്യ സംഗമത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് യു എ ഇയിൽ

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തിൽ പങ്കെടുക്കാനാണ് കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യു എ ഇയിലെത്തുന്നത്

francis marpappa will visit UAE today
Author
UAE - Dubai - United Arab Emirates, First Published Feb 3, 2019, 3:13 PM IST

ദുബായ്: സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി, ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നു യു എ ഇയിലെത്തും. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തിൽ പങ്കെടുക്കാനാണ് കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യു എ ഇയിലെത്തുന്നത്. 

പ്രാദേശിക സമയം  രാത്രി പത്തിന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തുന്ന പോപ്പിന് രാജകീയ  വരവേൽപ്പ് നൽകും. അൽ മുഷ്റഫ് കൊട്ടാരത്തിലാണ് മാർപാപ്പയുടെ താമസം. നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസിഡൻഷ്യൽ പാലസിലെ സ്വീകരണമാണ് ആദ്യ പരിപാടി. തുടർന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. 

വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥർ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകീട്ട്‌ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും. തുടർന്ന് 6.10-നാണ് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്‍റർ റിലീജിയസ് സമ്മേളനത്തിൽ പങ്കെടുക്കുക. 

ആഗോള സമാധാനത്തിനായി കൈകോർക്കേണ്ടതിന്‍റേയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്‍റേയും ആവശ്യകതയെക്കുറിച്ചായിരിക്കും പോപ്പിന്‍റെ പ്രസംഗം. കേരളത്തിൽ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസല്യാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 

മതസൗഹാർദസന്ദേശവുമായി മാർപാപ്പ വൈകിട്ട് ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെത്തും.  ചൊവ്വാഴ്ച രാവിലെയാണ് അബുദാബി സെന്‍റ് ജോസഫ്സ് കത്തീഡ്രൽ സന്ദർശനം. ഇവിടെ അവശതയനുഭവിക്കുന്ന മുന്നൂറോളം രോഗികള്‍ക്കായി  പ്രത്യേക പ്രാര്‍ത്ഥന നടത്തും. സായിദ് സ്പോർട്സ് സിറ്റിയിൽ കുർബാനയ്ക്ക് ശേഷം ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നെത്തുന്ന 1,35,000 വിശ്വാസികളെ പോപ് ആശീര്‍വദിക്കും

Follow Us:
Download App:
  • android
  • ios