Asianet News MalayalamAsianet News Malayalam

അബുദാബിയിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന; 90 മിനിറ്റിനകം ഫലം

വിമാനത്താവളത്തില്‍ തന്നെ സജ്ജീകരിച്ച പ്രത്യേക ലബോറട്ടറിയില്‍ പ്രതിദിനം 20,000 പേരുടെ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.  യാത്ര, ക്വാറന്റീന്‍ എന്നിവ സംബന്ധിച്ച നടപടികളും ഇവിടെ നിന്ന് പൂര്‍ത്തീകരിക്കും.

Free Covid tests give results in 90 minutes for all arrivals in abu dhabi
Author
Abu Dhabi - United Arab Emirates, First Published Mar 9, 2021, 5:48 PM IST

അബുദാബി: അബുദാബി വിമാനത്താവളത്തിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി അധികൃതര്‍. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പി.സി.ആര്‍ പരിശോധനയായിരിക്കും നടത്തുന്നത്. ലോകത്തിലെത്തനെ ഏറ്റവും വേഗതയില്‍ ഫലം ലഭ്യമാവുന്ന പരിശോധനാ സംവിധാനമാണിതെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

വിമാനത്താവളത്തില്‍ തന്നെ സജ്ജീകരിച്ച പ്രത്യേക ലബോറട്ടറിയില്‍ പ്രതിദിനം 20,000 പേരുടെ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.  യാത്ര, ക്വാറന്റീന്‍ എന്നിവ സംബന്ധിച്ച നടപടികളും ഇവിടെ നിന്ന് പൂര്‍ത്തീകരിക്കും. നിലവില്‍ അബുദാബിയിലെത്തുന്ന എല്ലാവരും പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയാല്‍ മാത്രമേ ചെക്ക് ഇന്‍ അനുവദിക്കൂ. ഇതിന് പുറമെ അബുദാബിയില്‍ എത്തിയ ശേഷം രണ്ടാമൊതൊരു പിസിആര്‍ പരിശോധന കൂടി നടത്തണം.

വിമാനത്താവളത്തിലെ ഒന്ന്, മൂന്ന് ടെര്‍മിനലുകള്‍ വഴി വരുന്നവരെ പുതിയ സംവിധാനത്തിലൂടെ പരിശോധനക്ക് വിധേയമാക്കും. ഇതിന്റെ റിസള്‍ട്ട് എസ്.എം.എസ്, വാട്സ്‍ആപ് എന്നിവ വഴിയും അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ് വഴിയും ലഭ്യമാക്കും. 4000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള പരിശോധനാ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും. 190 ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്ന യാത്രക്കാര്‍ അബുദാബി അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള 'ഗ്രീന്‍ രാജ്യങ്ങളില്‍' നിന്ന് എത്തിയവരാണെങ്കില്‍ പിന്നീട് ക്വാറന്റീന്‍ ആവശ്യമില്ല. മറ്റുള്ളവരെല്ലാം 10 ദിവസം പിന്നീട് ക്വാറന്റീനില്‍ കഴിയണം. വിമാനത്താവളത്തിലെ പി.സി.ആര്‍ പരിശോധനാ കേന്ദ്രത്തില്‍ നിന്നുതന്നെ ഇവര്‍ക്ക് റിസ്റ്റ് ബാന്റ് ഘടിപ്പിച്ച് നല്‍കും.

Follow Us:
Download App:
  • android
  • ios