മാര്‍ച്ച് 21 മുതല്‍ 16 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ താമസക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ബുക്ക് ചെയ്യാം.

അബുദാബി: യുഎഇയില്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ എല്ലാ താമസക്കാര്‍ക്കും നല്‍കി തുടങ്ങുമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരുള്‍പ്പെടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതിന് പിന്നാലെയാണ് എല്ലാ താമസക്കാര്‍ക്കും സൗജന്യ വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്.

മാര്‍ച്ച് 21 മുതല്‍ 16 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ താമസക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ബുക്ക് ചെയ്യാം. രാജ്യത്തെ 205 ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ഇതിനായി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കണമെന്നത് നിര്‍ബന്ധമാണ്. കഴിഞ്ഞ ആറ് ആഴ്ചകളില്‍ 72 ശതമാനത്തിലധികം മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ എത്തിക്കാനായിട്ടുണ്ട്. ആകെ 56 ശതമാനം താമസക്കാരും വാക്‌സിന്‍ സ്വീകരിച്ചു. സിനോഫാം, ഫൈസര്‍, സ്പുട്‌നിക്-അഞ്ച്, ആസ്‌ട്രെസെനക്ക എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ ലഭ്യമായിട്ടുള്ളത്.