ദുബൈ: രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സൗജന്യമായി ഇന്‍ഫ്ലുവന്‍സ വാക്സിന്‍ ലഭ്യമാക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിലോ മെഡിക്കല്‍ ഫിറ്റ്നസ് സെന്ററിലോ പോയി സൗജന്യ ഫ്ലൂ വാക്സിന്‍ സ്വീകരിക്കാം.

എല്ലാ പ്രായത്തിലുമുള്ള സ്വദേശികള്‍ക്കും വാക്സിന്‍ സൗജന്യമാണ്. വിദേശികളില്‍ രോഗ ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 50 ദിര്‍ഹം നല്‍കിയും വാക്സിനെടുക്കാം. ബുധനാഴ്‍ച ആരംഭിച്ച സീസണല്‍ ഇന്‍ഫ്ലുവന്‍സ ക്യാമ്പയിന്റെ ഭാഗമായി പരമാവധിപ്പേര്‍ വാക്സിനെടുക്കണമെന്നാണ് അധികൃതരുടെ ആഹ്വാനം. കൊവിഡ് ഭീഷണികൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന പനിയും മറ്റ് അസ്വസ്ഥതകളും ഒഴിവാക്കുന്നതിനാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഈ പനി പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗം വാക്സിനാണെന്ന് ഹെല്‍ത്ത് പ്രൊമോഷന്‍ ആന്റ് എജ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. ഹെന്ദ് അല്‍ അവാദി അറിയിച്ചു.