Asianet News MalayalamAsianet News Malayalam

സൗജന്യ വീഡിയോ കോളിങ് ആപ് 'ടോടോക്ക്' ഇനി യുഎഇയില്‍ ലഭ്യമാവില്ല

പ്ലേ സ്റ്റോര്‍ വഴിയും ആപ് സ്റ്റോര്‍ വഴിയും ടോടോക്ക് ലഭിക്കുന്നില്ലെങ്കിലും നിലവില്‍ ആപ് ഇന്‍സ്റ്റാല്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇപ്പോഴും തടസങ്ങളിലാതെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. 

Free video calling app ToTok no longer available in UAE
Author
Dubai - United Arab Emirates, First Published Dec 22, 2019, 4:14 PM IST

ദുബായ്: സൗജന്യമായി വോയിസ്-വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ടോടോക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി യുഎഇയില്‍ ലഭ്യമാവില്ല. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടോടോക്ക് ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. പ്രത്യേക സബ്‍സ്ക്രിപ്ഷന്‍ പ്ലാനുകളില്ലാതെ ഇന്റര്‍നെറ്റ് വഴി സൗജന്യമായി നാട്ടിലേക്ക് വിളിക്കാന്‍ സഹായിച്ചിരുന്ന ടോടോക്ക് അടുത്തകാലത്താണ് പ്രവാസികള്‍ക്കിടയില്‍ തരംഗമായത്.

പ്ലേ സ്റ്റോര്‍ വഴിയും ആപ് സ്റ്റോര്‍ വഴിയും ടോടോക്ക് ലഭിക്കുന്നില്ലെങ്കിലും നിലവില്‍ ആപ് ഇന്‍സ്റ്റാല്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇപ്പോഴും തടസങ്ങളിലാതെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. തങ്ങളുടെ സേവനങ്ങള്‍ ഇനി ടോടോക്ക് വഴി മാത്രമായിരിക്കും ലഭ്യമാവുകയെന്ന് ബോട്ടിം നേരത്തെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. മികച്ച വോയിസ്, വീഡിയോ ക്ലാരിറ്റിയോടെയുള്ള കോള്‍ സംവിധാനങ്ങള്‍ വളരെ വേഗത്തിലാണ് ടോടോക്കിന് പ്രവാസികള്‍ക്ക് പ്രിയങ്കരമാക്കിയത്. 

പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടോടോക്കിന്റെ സവിശേഷത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ടോടോക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങിയപ്പോള്‍ തന്നെ പലരും, അതുവരെ പണം നല്‍കി ഉപയോഗിച്ചിരുന്ന മറ്റ് ആപുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. കുറഞ്ഞത് 50 ദിര്‍ഹം സബ്സ്ക്രിപ്ഷന്‍ ചാര്‍ജും ഇതിന് പുറമെ ഇന്റര്‍നെറ്റ് ഉപയോഗ ചാര്‍ജും നല്‍കിയായിരുന്നു നേരത്തെയുണ്ടായിരുന്ന ബോട്ടിം ഉള്‍പ്പെടെയുള്ള ആപുകള്‍ സേവനം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പ്രത്യേക ഇന്റര്‍നെറ്റ് കോളിങ് പ്ലാനുകളൊന്നും ആവശ്യമില്ലാതെയാണ് ടോടോക്ക് പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ വാട്സ്ആപ്, സ്കൈപ്പ്, ഫേസ്‍ബുക്ക്, ഗൂഗ്ള്‍ ഡുവോ, ഐഎംഓ, മെസഞ്ചര്‍, തുടങ്ങിയവയിലൂടെയുള്ള വോയിസ്, വീഡിയോ കോളുകള്‍ യുഎഇയില്‍ ലഭ്യമാവുകയില്ല. 

Follow Us:
Download App:
  • android
  • ios