റിയാദ്: സൗദി അറേബ്യയിലേക്ക് പ്രവാസികൾക്ക് സൗജന്യ വിസ വരുന്നു. മാർച്ച് മുതൽ നടപ്പാകുന്ന ഈ സംവിധാനം മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള വിദേശികൾക്കാണ്. സൗദി കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ മാർച്ചിൽ ആരംഭിക്കുന്ന ’ശർഖിയ സീസൺ’ (ഈസ്റ്റേൺ ഫെസ്റ്റിവൽ)  ആഘോഷം മുതൽ സൗജന്യ വിസ നടപ്പാകുമെന്നും സൗദി ജനറൽ അതോറിറ്റി ഫോർ എൻറർടെയിൻമെൻറ് വൃത്തങ്ങൾ അറിയിച്ചു. 

സൗദി അറേബ്യയിൽ നടക്കുന്ന വിവിധ വിനോദ പരിപാടികൾ ആസ്വദിക്കാൻ വാരാന്ത്യ അവധി ദിനങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സൗജന്യ സന്ദർശക വിസ അനുവദിക്കുക. മൂന്ന് ദിവസ കാലാവധിയുള്ള ഈ വിസയിൽ വരുന്നവർ ശനിയാഴ്ച രാത്രിയോടെ രാജ്യത്ത് നിന്ന് തിരിച്ചുപോകണം. അതിർത്തി ചെക്ക്‌പോസ്റ്റുകളിലെത്തുന്നവർക്ക് പ്രവേശനാനുമതി ഉടൻ നൽകും വിധമാണ് പുതിയ വിസ സംവിധാനമെത്തുന്നത്. 
ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കരമാർഗം തന്നെ സന്ദർശകർക്ക് കടന്നുവരാൻ കഴിയും. വ്യോമ മാർഗവും ഉപയോഗിക്കാം. കരമാർഗം വരുമ്പോൾ ഈ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സൗദി അറേബ്യയുടെ ചെക്ക് പോസ്റ്റുകളിൽ തന്നെയാവും സൗജന്യ സന്ദർശക വിസ അനുവദിക്കുന്നതിനുള്ള സംവിധാനം സജ്ജീകരിക്കുക. 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ യുഎഇ സന്ദർശന വേളയിൽ സൗദി അറേബ്യയും യുഎഇയും തമ്മിൽ ജോയിന്റ് വിസിറ്റിങ് വിസ സമ്പ്രദായം നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് വാരാന്ത്യ അവധി ദിനങ്ങളിലെ ഈ സൗജന്യ വിസാ പദ്ധതി.