അബുദാബി: യുഎഇയിലെ പള്ളികളില്‍ ഡിസംബര്‍ നാല് മുതല്‍ ജുംഅ നമസ്‍കാരം ആരംഭിക്കും. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്നുമുതല്‍ തന്നെ രാജ്യത്തെ പള്ളികളില്‍ കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ച് നമസ്‍കാരം ആരംഭിച്ചിരുന്നെങ്കിലും വെള്ളിയാഴ്‍ചകളിലെ ജുംഅ നമസ്‍കാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടര്‍ന്നുവരികയായിരുന്നു.

പള്ളികളുടെ ആകെ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരിക്കും ജുംഅ നമസ്‍കാരം നടത്തുക. നമസ്‍കാരത്തിന് മുന്നോടിയായുള്ള ഖുത്തുബ (പ്രസംഗം) തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കും. നമസ്‍കാരം കഴിഞ്ഞ് 30 മിനിറ്റുകള്‍ക്ക് ശേഷം പള്ളികള്‍ അടയ്‍ക്കുകയും ചെയ്യും. ഖുത്തുബയും നമസ്‍കാരവും കൂടി പരമാവധി 10 മിനിറ്റ് മാത്രമേ നീണ്ടുനില്‍ക്കൂ.

പള്ളികളില്‍ അംഗ ശുദ്ധി വരുത്തുന്നതിനുള്ള സ്ഥലങ്ങളും ശുചിമുറികളും അടഞ്ഞുകിടക്കും. നമസ്‍കരിക്കാനെത്തുന്നവര്‍ വീടുകളില്‍ നിന്നുതന്നെ അംഗ ശുദ്ധി വരുത്തി വേണം പള്ളികളിലെത്താന്‍. മറ്റ് നമസ്‍കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും നമസ്‍കാരം കഴിഞ്ഞ് 10 മിനിറ്റുകള്‍ക്ക് ശേഷം അടയ്ക്കുകയും ചെയ്യും. മഗ്‍രിബ് നമസ്‍കാരത്തിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂ.

പള്ളിയില്‍ വരുന്നവര്‍ക്കെല്ലാം മാസ്‍ക് നിര്‍ബന്ധമാണ്. നമസ്‍കരിക്കാനുള്ള പായ അവരവര്‍ തന്നെ കൊണ്ടുവരികയും വേണം. പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരും പള്ളികളില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.