വിവിധ തരം മാമ്പഴങ്ങളാൽ ദുബൈ ന​ഗരത്തിലെ മാർക്കറ്റുകളെല്ലാം നിറ‍ഞ്ഞിരിക്കുകയാണ്. യുഎഇയിൽ വേനൽക്കാലമെന്നാൽ മാമ്പഴക്കാലമാണ്

ദുബൈ: വേനൽക്കാലമായതോടെ യുഎഇ വിപണികളിൽ മാമ്പഴക്കാലം. വിവിധ തരം മാമ്പഴങ്ങളാൽ ദുബൈ ന​ഗരത്തിലെ മാർക്കറ്റുകളെല്ലാം നിറ‍ഞ്ഞിരിക്കുകയാണ്. യുഎഇയിൽ വേനൽക്കാലമെന്നാൽ മാമ്പഴക്കാലമാണ്. ദുബൈയിലെ താമസക്കാർ മാസത്തിൽ രണ്ടു തവണയെങ്കിലും വാട്ടർഫ്രണ്ട് മാർക്കറ്റ് സന്ദർശിക്കുന്നവരാണ്. എന്നാൽ, ഇപ്പോൾ മാർക്കറ്റിൽ മാമ്പഴ വിൽപ്പന സജീവമായതോടെ മൂന്നോ നാലോ തവണയാണ് ഇവിടെയെത്താറുള്ളതെന്ന് ദുബൈയിലെ താമസക്കാരിയായ ഫറാഖാൻ പറയുന്നു. വിൽപ്പനയ്ക്കെത്തിയ പുതിയ ഇനം മാമ്പഴങ്ങൾ ഏതൊക്കെയെന്ന് അറിയാനാണ് പ്രധാനമായും മാർക്കറ്റിലെത്തുന്നതെന്ന് ഇവർ പറയുന്നു. 

വിവിധ തരത്തിലുള്ള മാമ്പഴങ്ങളാണ് മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. മധുരമേറിയ അൽഫോൻസോ മുതൽ പുളിപ്പേറിയ തോതാപുരി വരെയുള്ള മാമ്പഴ ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇന്ത്യ, പാകിസ്താൻ, യമൻ, തായ്ലൻഡ്, പെറു, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള 20ലധികം ഇനം മാമ്പഴങ്ങളാണ് ഇവിടെയുള്ളത്. 

യമനിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് കിലോയ്ക്ക് 10 ദിർഹമാണ് വില. അൽഫോൻസോ മാമ്പഴങ്ങൾ ആണെങ്കിൽ വലിയ 12 മാ​ങ്ങകൾ അടങ്ങിയ ഒരു കുട്ടയ്ക്ക് 45 ദിർഹമാണ് വില. പെറുവിൽ നിന്നുള്ള മാങ്ങകൾക്ക് കിലോയ്ക്ക് 35 ദിർഹവും കൊളംബിയൻ മാങ്ങകൾക്ക് ഒരു കുട്ടയ്ക്ക് 90 മുതൽ 100 ദിർഹം വരെയാണ് വില. കൊളംബിയൻ മാമ്പഴങ്ങൾ വലിപ്പത്തിൽ വളരെ ചെറുതാണ്. ഇത് വളരെ അപൂർവ്വമായാണ് വിപണികളിൽ എത്തുന്നത്. ദുബൈയിൽ വാട്ടർഫ്രണ്ട് മാർക്കറ്റിലാണ് ഈ മാമ്പഴങ്ങൽ ലഭ്യമാകുന്നത്. കംബോഡിയൻ, ചൈനീസ് മാങ്ങകൾക്ക് കിലോയ്ക്ക് 18 ദിർഹമാണ് വില.

read more: വീട്ടുകാരോട് വഴക്കിട്ട് വീട് വിട്ടിറങ്ങി, പെൺകുട്ടി പോയത് സുഹൃത്തിനരികിലേക്ക്, തിരികെയെത്തിച്ച് ദുബൈ പോലീസ്

മധുരം ഇഷ്ടപ്പെടുന്നവർ കൂടുതലായും തിരഞ്ഞെടുക്കുന്നത് കാരബാവോ, അറ്റൗൾഫോ (തേൻ മാമ്പഴം), കേസർ (ഗിർ കേസർ) തുടങ്ങിയ മാമ്പഴ ഇനങ്ങളാണ്. കെയ്ത്, തോതാപുരി, നം ഡോക് മയ് എന്നിവയാണ് വിപണിയിൽ ലഭ്യമായ പുളിപ്പ് ഏറിയ മാമ്പഴങ്ങൾ. മാമ്പഴം വാങ്ങാനായി നിരവധി പേരാണ് മാർക്കറ്റിലെത്തുന്നതെന്ന് കച്ചവടക്കാരനായ വാസദ് അലി പറയുന്നു. താൻ വർഷങ്ങളായി വാട്ടർഫ്രണ്ട് മാർക്കറ്റിൽ മാമ്പഴം വിൽക്കുന്നയാളാണെന്നും സീസൺ എത്തുമ്പോഴേക്ക് ധാരാളം പേർ കുടുംബങ്ങളായാണ് ഇവിടെയെത്തുന്നതെന്നും ഇയാൾ പറഞ്ഞു. മാമ്പഴം കുട്ടകളോടെയാണ് ഇവർ വാങ്ങിക്കുന്നതെന്നും വാസദ് അലി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം