ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്‍റെ സ്റ്റേഷനുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയിൽ ആകെ 11 പാസഞ്ചർ സ്റ്റേഷനുകളാണ് ഉണ്ടാവുക.
ദുബൈ: ഏറെ നാളായി പ്രവാസികളും സ്വദേശികളും കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ റൂട്ട് മാപ്പും സ്റ്റേഷനുകളും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തി. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയിൽ ആകെ 11 പാസഞ്ചർ സ്റ്റേഷനുകളാണ് ഉണ്ടാവുക. നേരത്തെ പ്രഖ്യാപിച്ച നാല് പ്രധാന സ്റ്റേഷനുകൾക്ക് പുറമെ 7 പുതിയ സ്റ്റേഷനുകൾ കൂടി വ്യാഴാഴ്ച പ്രഖ്യാപിച്ചു.
- അബുദാബി: മുഹമ്മദ് ബിൻ സായിദ് സിറ്റി
- ദുബൈ: ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്
- ഷാർജ: യൂണിവേഴ്സിറ്റി സിറ്റി
- ഫുജൈറ: അൽ ഹിലാൽ ഏരിയ
- അൽ സില - സൗദി അതിർത്തിക്ക് സമീപം
- അൽ ദന്ന
- അൽ മിർഫ
- മദീനത്ത് സായിദ്
- മെസൈറ
- അൽ ഫയ
- അൽ ദൈദ്
യാത്രാസമയവും വേഗതയും
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ നിലവിലെ യാത്രാസമയം 30 മുതൽ 40 ശതമാനം വരെ കുറയ്ക്കും. പ്രധാന നഗരങ്ങൾക്കിടയിലുള്ള ഏകദേശ യാത്രാസമയം താഴെ പറയുന്ന രീതിയിലാണ്:
അബുദാബി - ദുബൈ: 57 മിനിറ്റ്
അബുദാബി - അൽ റുവൈസ്: 70 മിനിറ്റ്
അബുദാബി - ഫുജൈറ: 105 മിനിറ്റ്
ഓരോ ട്രെയിനിലും ഏകദേശം 400 യാത്രക്കാർക്ക് സഞ്ചരിക്കാം. വൈഫൈ, എന്റർടൈൻമെന്റ് സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ, ലഘുഭക്ഷണശാലകൾ എന്നിവ ട്രെയിനിലുണ്ടാകും. ചൈനീസ് (CRC), സ്പാനിഷ് (CAF) കമ്പനികൾ നിർമ്മിച്ച അത്യാധുനിക കോച്ചുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഇവയിൽ മൂന്ന് വിഭാഗങ്ങളുണ്ടാകും:
വിശാലമായതും ക്രമീകരിക്കാവുന്നതുമായ ഫസ്റ്റ് ക്ലാസ് സീറ്റുകളും ഗ്രൂപ്പായി യാത്ര ചെയ്യുന്നവർക്കായി വലിയ ടേബിളോട് കൂടിയ ഫാമിലി ക്ലാസ് സീറ്റുകളുമുണ്ട്. കുറഞ്ഞ നിരക്കിലുള്ള യാത്രയ്ക്ക് ഇക്കോണമി ക്ലാസ് സീറ്റുകളുമുണ്ട്.
'നോൾ' കാർഡ് ഉപയോഗിക്കാം
ദുബൈയിലെ ആർടിഎയുമായുള്ള കരാർ പ്രകാരം, ഇത്തിഹാദ് റെയിലിലും നോൾ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനും പണമടയ്ക്കാനും സാധിക്കും. ഇത് മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങളുമായുള്ള കണക്റ്റിവിറ്റി എളുപ്പമാക്കും.
ഒമാൻ - യുഎഇ റെയിൽ (ഹഫീത് റെയിൽ)
അബുദാബിയിലെ അൽ വത്ബയെ ഒമാനിലെ സോഹാറുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ ദൈർഘ്യമുള്ള 'ഹഫീത് റെയിൽ' പദ്ധതിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രയും ചരക്കുനീക്കവും സുഗമമാക്കും. 2026-ഓടെ പാസഞ്ചർ സർവീസുകൾ പൂർണ്ണതോതിൽ ആരംഭിക്കുമെന്നാണ് ഇത്തിഹാദ് റെയിൽ വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്.

