ദില്ലി: ലോക്ക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് ആശ്വാസം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിമാന കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ടിക്കറ്റിന്റെ പണം തിരികെ നല്‍കുന്നത്. ആഭ്യന്തര വിമാന യാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 

ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നല്‍കി മൂന്നാഴ്ചക്കുള്ളില്‍ പണം റീഫണ്ട് ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ലോക്ക് ഡൗണ്‍ നീട്ടിയ മെയ് മൂന്ന് വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കും. ഏപ്രിൽ 14 മുതൽ മെയ് മൂന്ന് വരെയുള്ള രണ്ടാം ലോക്ക് ഡൗൺ കാലത്തേക്കുള്ള യാത്രക്കായി മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത എല്ലാ വിമാനടിക്കറ്റുകളുടെ തുകയും മടക്കി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 15 മുതല്‍ ബുക്കിങ് സ്വീകരിച്ചിരുന്നെങ്കിലും ആഭ്യന്തര സര്‍വ്വീസിന് റീഫണ്ട് നല്‍കില്ലെന്ന് വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വ്യോമയാന മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടത്.