അബുദാബി: തൊട്ടടുത്തുണ്ടായിട്ടും അവസാനമായി അമ്മയെ കാണാനോ അന്ത്യ ചുംബനം നല്‍കാനോ മക്കള്‍ക്ക് കഴിഞ്ഞില്ല. അകലെ നിന്ന് മാത്രം ഒരു നോക്ക് കണ്ട് ഭര്‍ത്താവും മടങ്ങി. കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച അധ്യാപികയ്ക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാതെ യാത്രാമൊഴി. 

അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു(46)ബുധനാഴ്ചയാണ് മരിച്ചത്.  മൃതദേഹം അബുദാബിയില്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കുകയായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടുത്ത ബന്ധുക്കളെ കാണിക്കാന്‍ കഴിയാത്തത് കൊണ്ട് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയപ്പോള്‍ പ്രിന്‍സിയുടെ ഭര്‍ത്താവ് റോയ് മാത്യു അകലെ നിന്ന് മൃതദേഹം കണ്ട് മടങ്ങി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ സെറിള്‍, റയാന്‍, സിയാന്‍ എന്നിവരെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയില്ല. അവര്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ തന്നെ തുടരുകയായിരുന്നു. സ്‌കൂളിലെ ജൂനിയര്‍ ബോയിസ് വിഭാഗത്തിലായിരുന്നു പ്രിന്‍സി പഠിപ്പിച്ചിരുന്നത്.

Read More: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി വീട്ടമ്മ മരിച്ചു