റിയാദ്: ജി 20 വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്‌ച ചേരും. ജി-20 ഉച്ചകോടിക്ക് സൗദി ആതിഥ്യം വഹിക്കുന്ന സാഹചര്യത്തിൽ ഉച്ചകോടിയുടെ മുന്നോടിയായാണ് വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം ചേരുന്നതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. 

കൊവിഡ് വ്യാപനത്തിന്റെ പ്രതികൂല സാഹചര്യത്തിൽ വാണിജ്യ, നിക്ഷേപ രംഗത്ത് ഉണ്ടാവേണ്ട പുതിയ നിലപാടുകൾ, ജി 20 അംഗ രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തമാക്കൽ എന്നിവ യോഗം ചർച്ച ചെയ്യും. സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസ്ബി, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് എന്നിവർ യോഗത്തിന് നേതൃത്വം നൽകും. മന്ത്രിതല യോഗത്തിന് ശേഷം ഇരുവരും ചേർന്ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നും പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. കൊവിഡ് പ്രതിസന്ധി നേരിടാൻ ജി 20 രാജ്യങ്ങൾ മെയ് 14 ന് എടുത്ത തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും പിന്തുണ നൽകുന്നതിലൂടെ സാമ്പത്തിക മേഖലയും വിപണി മത്സരവും സജീവമാക്കുന്നതിനെക്കുറിച്ച് മന്ത്രിതല യോഗം ചർച്ച ചെയ്യും.