റിയാദ്: ആഗോള സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ഇതുവരെ ജി20 രാജ്യങ്ങൾ 11 ലക്ഷം കോടി ഡോളർ നൽകിയതായി ജി20 ഉച്ചകോടി അധ്യക്ഷനായ സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ജി20 രാജ്യങ്ങളുടെ ‘ബി20’ ബിസിനസ് ഗ്രൂപ്പ് സമ്മേളനത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു രാജാവ്. 

സൽമാൻ രാജാവിന്റെ പ്രസംഗം നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹാണ് സമ്മേളനത്തിൽ വായിച്ചത്. അസാധാരണമായ ഈ സാഹചര്യത്തിൽ നടത്തിയ ശ്രമങ്ങൾക്ക് ബി20 ഗ്രൂപ്പിനും ലോകമെമ്പാടുമുള്ള പങ്കാളികൾക്കും നന്ദി പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. ജി20 അധ്യക്ഷ പദവിയിലുള്ള സൗദി അറേബ്യ മന്ത്രിമാരുടെയും ജി20 വർക്കിങ് ഗ്രൂപ്പുകളുടെയും യോഗത്തിൽ അംഗ രാജ്യങ്ങളുടെ വിവിധ ശിപാർശകൾക്ക് അതീവ പരിഗണന നൽകയിട്ടുണ്ടെന്ന് രാജാവ് പറഞ്ഞു. 

ജി20 അധ്യക്ഷ സ്ഥാനത്ത് നിന്നു കൊണ്ട് കോവിഡിനെ തുടർന്നുണ്ടായ മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ സൗദി അറേബ്യ വളരെ ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. ആഗോള ആരോഗ്യ രംഗത്തെ ധനപരമായ കമ്മി നികത്താൻ ജി20 പ്രതിജ്ഞാബദ്ധത കാണിച്ചു. പരിശോധന, ചികിത്സാ ഉപകരണങ്ങൾ, മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ ഉൽപാദനം, വിതരണം, ലഭ്യത എന്നിവയെ സഹായിക്കാൻ 21 ശതകോടി ഡോളർ സംഭാവന നൽകി.